ഭൗതിക ജീവിതത്തിന്റെ നിഖില മേഖലകളിലും കളങ്കരഹിതവും സുകൃതപൂർണ്ണവുമാവേണ്ടതുണ്ട്.ഇഹലോകത്തെ സുഖാസ്വാധനങ്ങൾക്ക് അടിമപ്പെടാതെ പരലോകം സന്തോഷപൂർണമാക്കാനാണ് ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടത്. വിശുദ്ധ ഇസ്ലാം അനുശാസിക്കുംവിധം നിത്യജീവിതത്തിൽ ഇടപെടുന്ന മേഖലകളിലെല്ലാം മതപരവും ആത്മീയവുമായ ഉണർവ് നമുക്കനിവാര്യമാണ്.ആ വിധത്തിലുള്ള ജീവിതശൈലികളും ചിട്ടകളും നിഷ്ഠകളുമാണ് നാം അനുകരിക്കേണ്ടത്.
നിത്യ ജീവിതത്തിൽ അത്യധികം പ്രാധാന്യത്തോടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മേഖലയാണ് വൃത്തി.ശുദ്ധി ഈമാനിന്റെ പാതിയാണ്,ഇസ്ലാം എടുക്കപ്പെട്ടത് തന്നെ ശുദ്ധിയിലാണ്,അള്ളാഹു വൃത്തിക്ക് വേണ്ടി നിലകൊള്ളുന്നവനും വൃത്തിയെ ഇഷ്ടപ്പെടുന്നവനുമാണ് തുടങ്ങിയ ഒട്ടനവധി പ്രവാചകവചനങ്ങൾ ഇതിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്.ശാരീരികം,മാനസികം, പരിസരം,ആവാസം, ആഹാരം തുടങ്ങി അഞ്ച് മേഖലകളിലായി ആന്തരികമായും ബാഹ്യമായും ശുദ്ധിയുള്ളവരായിരിക്കണം. ദിനേനയുള്ള കുളി,പല്ലുതേക്കൽ,കൈകാൽ കഴുകൽ, നഖംമുറിക്കൽ,രോമങ്ങൾ നീക്കം ചെയ്യൽ എന്നിവ ശാരീരിക ശുദ്ധിയിൽ പ്രധാനമാണ്.സ്ത്രീകൾ രാവിലെ അടുക്കളയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കുളിക്കൽ ആ ദിവസം വളരെ ഉന്മേഷവും സന്തോഷവും നൽകാൻ സഹായകമാകുന്നതാണ്.
അല്ലാഹുവിനെ സ്മരിക്കലും സൽസ്വഭാവത്തോടെ പെരുമാറലും മോശം സ്വഭാവങ്ങളിൽ നിന്നും മനസിനെ മുക്തമാക്കലും നല്ല ചിന്തകൾ മാത്രം മനസ്സിൽ കൊണ്ടു നടക്കലും മേൽസൂചിപ്പിച്ച മാനസിക ശുദ്ധിക്ക് അനിവാര്യമായ കാര്യങ്ങളാണ്.അല്ലാഹുവിന്റെ സ്മരണ കൊണ്ട് മാത്രമാണ് ഹൃദയങ്ങൾ സംശുദ്ധമാകുന്നതെന്ന ഖുർആൻ വാക്യം ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.മനസ്സ് ശരിയായാൽ ശരീരമാസകലം ശരിയായി,മനസ്സു മോശമായാൽ ശരീരം മുഴുവൻ മോശമായി എന്ന് തിരുനബി പഠിപ്പിക്കുന്നുണ്ടല്ലോ. സൽസ്വഭാവികളെ അല്ലാഹുവും റസൂലും മലക്കുകളും പ്രിയംവെക്കുന്നുണ്ട്.സൽസ്വാഭാവികൾക്ക് മാത്രമേ ജീവിതത്തിൽ സന്തോഷവും ബറകത്തും ഉണ്ടാവുകയുള്ളൂ.അതുപോലെ അഹങ്കാരം,അസൂയ,ഉൾനാട്യം,ഏഷണി തുടങ്ങിയ മാനസിക രോഗങ്ങളിൽ നിന്ന് സദാസമയവും നാം മുക്തരാണെന്ന ആത്മവിശ്വാസം നമുക്കുണ്ടാവണം.
ആഹാരമര്യാദകൾ
ആഹാരമര്യാദകളിൽ കണിശത പുലർത്തൽ ജീവിത ചിട്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ്.ആരോഗ്യത്തിന്റെ കൃത്യമായ സംരക്ഷണത്തിന് ഭക്ഷണക്രമീകരണത്തിനുള്ള പങ്ക് വളരെ വലുതാണ്.മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഭക്ഷണത്തിൽ പാലിക്കേണ്ട മര്യാദകളും ക്രമീകരണങ്ങളും അതിൽ പുലർത്തേണ്ട നിയമങ്ങളുമാണ്.ആഹാരം പാകം ചെയ്യുന്നതിലും വിളമ്പുന്നതിലും കഴിക്കുന്നതിലുമെല്ലാം ചില ചിട്ടകൾ ക്രമീകരിക്കേണ്ടതുണ്ട്.അതിരാവിലെ പാചകത്തിനൊരുങ്ങുമ്പോൾ സൂറത്ത് ഖുറൈശ്(ലി ഈലാഫി)ഓതൽ ഭക്ഷണസംബന്ധമായ പ്രയാസങ്ങൾ ദൂരീകരിക്കാൻ സഹായകമാകുമെന്ന് പണ്ഡിതർ പഠിപ്പിച്ചിട്ടുണ്ട്. പാചകത്തിന്റെ പ്രാരംഭത്തിൽ ബിസ്മിയും പര്യവസാനത്തിൽ അൽഹംദുലില്ലയും പറയാൻ ഉമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം
ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാൻ മറക്കരുത്.അതിനുമുമ്പായി ഇരുകൈകളും മുഖവും വായയും കഴുകൽ പ്രത്യേകം സുന്നത്തുണ്ട്. മുഖം കഴുകൽ ദഹനപ്രക്രിയക്ക് സഹായകമാണെന്ന് വൈദ്യശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.ഭക്ഷണസമയത്തെ കൃത്യത പലപ്പോഴും നാം ശ്രദ്ധിക്കാത്ത വിഷയമാണ്.രണ്ട് പ്രധാന ഭക്ഷണങ്ങൾക്കിടയിൽ നാലു മണിക്കൂറെങ്കിലും ഇടവേള ആവശ്യമാണ്.ദഹനത്തിനാവശ്യമായ ആസിഡ് ഉത്പാദനത്തിന് ഇത്രയും സമയം അനിവാര്യമാണെന്ന് ശാസ്ത്രം പറയുന്നു.
ഭക്ഷണം ആവശ്യത്തിൽ മാത്രം ചുരുക്കണം.തിരുനബി(സ്വ)വയറു നിറക്കാതെ ആവശ്യമുള്ള തോതിൽ മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതുപോലെ, ഉള്ള ഭക്ഷണം നാഥനായ റബ്ബ് നൽകിയ അനുഗ്രഹമാണെന്ന പൂർണ്ണ ബോധ്യത്തോടെ സംതൃപ്തനായി ആസ്വദിച്ചു കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഭക്ഷണത്തിലെ പോഷകഘടകങ്ങളുടെ പ്രാധാന്യം ഉറപ്പുവരുത്തണം.വായയുടെ സുഖം പരിഗണിക്കാതെ വയറിന്റെ സുഖത്തിനാണ് പ്രാധാന്യം നൽകേണ്ടത്.വിഭിന്നഭക്ഷണങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കണം.
അല്ലാഹുവിന്റെ പൊരുത്തമുള്ള ഹലാലായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ.മഹാനായ സഅദുബ്നു അബീവഖാസ്(റ) തനിക്ക് പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന വ്യക്തിയാവണമെന്ന് പറഞ്ഞപ്പോൾ ഹലാലായ ഭക്ഷണം മാത്രം കഴിച്ചാൽ പ്രാർത്ഥനക്കുത്തരം ലഭിക്കുന്നവരാവുമെന്ന് മുത്തുനബി പറഞ്ഞിട്ടുണ്ട്.നിത്യജീവിതത്തിൽ അനുവർത്തിക്കുന്ന ആരാധനകൾ അംഗീകരിക്കപ്പെടാനും ഉരുവിടുന്ന പ്രാർത്ഥനകൾ അന്വർത്തീകരിക്കപ്പെടുന്നതും ആഹാരം അള്ളാഹുവിന്റെ പൊരുത്തത്തിൽ മാത്രമുള്ളതാവേണ്ടതുണ്ട്. ഇരുന്നുകൊണ്ട് കുടിക്കുകയും കഴിക്കുകയും ഭക്ഷണ ശേഷം നാഥനെ സ്മരിക്കലും മനസ്സറിഞ്ഞു അവനെ സ്തുതിക്കലും അനിവാര്യമാണ്.
ആഹാരങ്ങളിൽ മറ്റുള്ളവരെ പങ്കു ചേർക്കാൻ താല്പര്യം കാണിക്കണം. അതിഥി സൽക്കാരം ഇസ്ലാമിൽ വളരെ പുണ്യകരമായ കാര്യങ്ങളിലൊന്നാണ്. ഭക്ഷണത്തെ കുറിച്ച് നല്ലത് മാത്രം സംസാരിക്കലും മോശമായ അഭിപ്രായങ്ങളിൽ നിന്ന് വിട്ടുനിൽക്കലും ഭക്ഷണ വിശാലതക്കും ബറകത്തിനും സഹായകമാകുന്നതാണ്.
വീടും പരിസരവും
ജീവിതചിട്ടകളിൽ വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു മേഖലയാണ് നമ്മുടെ വീടുംസംസ്കാരങ്ങളും ജീവിത പരിസരങ്ങളും.വീട് ക്രമീകരിക്കുമ്പോഴും അതിലെ താമസസൗകര്യങ്ങൾ ഒരുക്കുമ്പോഴും താമസ സമയത്തും വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.എവിടെ താമസിക്കുന്നു എന്നതിലപ്പുറം എങ്ങനെ താമസിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.സൗന്ദര്യത്തേക്കാൾ അസൗകര്യങ്ങൾക്കു മുൻഗണന നൽകണം.വീട് നിർമ്മാണം മുതൽ ബാക്കി എല്ലാ മേഖലകളും ശ്രദ്ധിക്കുന്നതോടൊപ്പം താമസ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.കൃത്യമായ സൂര്യപ്രകാശവും വെന്റിലേഷൻ സർക്കുലേഷൻ തുടങ്ങിയവയിലെ കൃതിയും ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്ടിലെ താമസത്തിന്റെ പ്രാരംഭ സമയത്ത് വീടിന്റെ സുരക്ഷ കരുതി റക്അത്ത് നിസ്കരിക്കാനും സൂറത്തുൽ അൻആം പാരായണം ചെയ്യാനും മറക്കരുത്.ഖുർആൻ പാരായണം ദിനചര്യകൾ വീട്ടിലെ ബറക്കത്തിന് കാരണമാകുമെന്നും അൽബഖറ സൂറത്ത് പതിവാക്കൽ പൈശാചിക ബാധക്ക് തടസ്സമാവുമെന്നും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്.വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് ബിസ്മില്ല, മാഷ അല്ലാഹ് ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട്.വീടിന്റെ മുന്നിൽ ഭംഗിയായി ‘മാഷാ അള്ളാ’എഴുതി തൂക്കിയിടുന്നത് ഇതിന് സഹായകമാകുന്നതാണ്.വീട്ടിൽ കയറിയ ശേഷം ഇഖ്ലാസ്,ഫലഖ്,നാസ് സൂറത്തുകൾ ഓതലും വീട്ടുകാരോട് സലാം പറയലും തിരുനബിയുടെ മേൽ സ്വലാത്ത് ചൊല്ലലും വീട്ടിൽ ഖൈറും ബർകതും വർദ്ധിപ്പിക്കുമെന്ന് തിരുനബി അരുളിയിട്ടുണ്ട്.വീടു വിട്ടിറങ്ങുമ്പോൾ റബ്ബിനെ തവക്കുലാക്കലും പിശാചിന്റെ ശല്യത്തിൽ നിന്ന് റബ്ബിനോട് കാവൽ തേടലും വീടിന്റെ സുരക്ഷക്ക് സഹായകമാകും.
വീടും പരിസരവും എല്ലായ്പ്പോഴും വൃത്തിയും ചിട്ടയുമുള്ളതാവണം. വീടിന്റെ വടക്ക്-കിഴക്ക് ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സൗരോർജ്ജം,ഭൗമോർജ്ജം, കാന്തികോർജ്ജം എന്നിവ കൃത്യമായ അനുപാതത്തിൽ ലഭിക്കണമെങ്കിൽ ഈ ഭാഗം നല്ല വൃത്തിയുള്ളതായിരിക്കണം.സൗന്ദര്യവും സൗരഭ്യവുമുള്ള ചെടികൾ വളർത്തലും അന്തരീക്ഷവായു ശുദ്ധീകരിക്കാനാവുംവിധത്തിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കലും പരിസരശുദ്ധി ഉറപ്പു വരുത്താൻ സഹായിക്കുന്നതാണ്.അത്പോലെ വീടിന്റെ നിർമ്മാണവും താമസവുമെല്ലാം ഹറാമിൽ നിന്നും മുക്തമായി ഹലാലായ സമ്പാദ്യങ്ങൾ കൊണ്ട് മമാത്രമാക്കാൻ ശ്രദ്ധിക്കണം.നമ്മുടെ ജീവിത സാഹചര്യങ്ങൾ എല്ലാം ആത്മീയമായ ബോധവും ഉണർവ്വും അനിവാര്യമാണ്.വിശുദ്ധ ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് വീടും പരിസരവും ജീവിതസാഹചര്യങ്ങളും ചിട്ടപ്പെടുത്തൽ സത്യവിശ്വാസികളായ നമ്മുടെ ബാധ്യതയാണ്.
മുജ്തബ സി.ടി














