തീവ്രവാദം, ഭീകരത, യുദ്ധം, കാരണം, പരിഹാരം’ ഒരു മാധ്യമപ്രവർത്തകന്റെ ഉറക്കം നഷ്ട്ടപ്പെട്ട രാത്രികൾ, സത്യസന്ധമായ അന്വേഷണം, ഉള്ളുലക്കുന്ന അനുഭവങ്ങൾ, ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ, ‘ദാഇശ്’ പറയുന്നു;
‘യുദ്ധം പരിഹാരമല്ല, ആശയങ്ങളുടെ വേരറുക്കുകയാണ് വേണ്ടത്’
‘ദാഇശ്’, ‘മരണപര്യന്തം’ എന്നീ നോവലുകളുടെ എഴുത്തുകാരനും യുവ പത്രപ്രവർത്തകനുമായ ശംസുദ്ദീൻ മുബാറക് സംസാരിക്കുന്നു.

ചോദ്യം: ഭീകരവാദം വിഷയം പ്രമേയമാക്കി നോവൽ എഴുതാനുള്ള കാരണം ?

ഉത്തരം: ഒരു പത്രപത്രപ്രവർത്തകനെന്ന നിലയ്ക്ക് ഞാൻ പത്തുപതിനഞ്ച് വർഷമായി വാർത്തകളുടെ ലോകത്താണ്. സന്തോഷിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന, കരയിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, നിരവധി വാർത്തകൾ ഓരോ ദിവസവും എന്റെ മുന്നിൽ വരും. വാർത്തകൾ എന്നു പറയുന്നത് മനുഷ്യന്റെ പല ജീവിതാവസ്ഥകൾ ആണ്. ഇങ്ങനെ വരുന്ന വാർത്തകളിൽ ഒന്നായിരുന്നു പശ്ചിമേഷ്യയിൽ നിന്നുള്ള ഐ.എസ് തീവ്രവാദികളുടെ ഞെട്ടിപ്പിക്കുന്നതും ഭീകരവുമായ വാർത്ത. അത് എന്റെ മനസ്സിനെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. അങ്ങനെയുള്ള വാർത്തകൾ നിരന്തരമായി വന്നപ്പോഴാണ് അതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തണമെന്ന, ജനറൽ ന്യൂസ്പരമ്പര ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. ഏതാണ്ട് “മരണപര്യന്തം” എഴുതി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അത്. അതിനെ കുറിച്ചുള്ള ഒരുപാട് ജേണലുകൾ, പുസ്തകങ്ങൾ, വാർത്തകൾ, വീഡിയോകൾ തുടങ്ങിയവ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് അത്ഭുതപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ മറ്റൊരു വാർത്ത,–കേരളത്തിൽനിന്ന് കുറച്ചുപേർ ഐഎസിലേക്ക് ചേരാൻ പോയി– എന്നു കേൾക്കുന്നത്. തുടർന്ന് എന്റെ അന്വേഷണങ്ങളും പഠനങ്ങളും അതിനു പിറകെയായി. അവരുടെ മോട്ടീവ് എന്താണ്? ഏതുതരം സാമൂഹിക പശ്ചാത്തലത്തിൽ നിന്നാണ് അവർ പോകുന്നത്? അവരെ കൊണ്ടുപോകുന്നതിനുള്ള പ്രലോഭനം എന്താണ്? ആരാണ് അവരെ കൊണ്ടുപോകുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങളുമായി മലയാളികൾ പുറപ്പെട്ടുപോയ വഴികളിലൂടെ ഒരു അന്വേഷണം നടത്തിയപ്പോഴാണ് ഇതൊരു വാർത്താപരമ്പരയായി എഴുതുകയല്ല വേണ്ടത് എന്ന് തോന്നിയത്. കാരണം അവിടെ പോയ ആരും ഇങ്ങോട്ട് തിരിച്ചു വന്നിട്ടില്ല. അവിടത്തെ അവസ്ഥകളെക്കുറിച്ച് കൃത്യമായി പറയാൻ നമുക്ക് കിട്ടുന്ന സോഴ്സുകൾ മിക്കതും വെസ്റ്റേൺ മീഡിയ തരുന്നതോ അല്ലെങ്കിൽ അവിടെ പോയ ജേണലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നതോ മാ
ത്രമാണ്. ഇത് എത്രത്തോളം സത്യസന്ധമാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല. ഒരു വാർത്താ പരമ്പര ആവുമ്പോൾ റിയാലിറ്റി ബേസിൽ, സത്യസന്ധമായി ചെയ്യണം. ഒരു ഫിക്ഷൻ മോഡലിലേക്ക് എഴുത്തു മാറ്റിയാലോ എന്ന് ആലോചിക്കുന്നത് അപ്പോഴാണ്. അതാകുമ്പോൾ നമ്മുടെ ഭാവനക്കനുസരിച്ച് മാറ്റങ്ങൾ വരുത്താം, റിയാലിറ്റിയും, ഇമേജിനേഷനും കൂട്ടിക്കലർത്തി എഴുതാം തുടങ്ങിയ സൗകര്യങ്ങളുണ്ട്. അങ്ങനെയാണ് ഇത് നോവൽ ആക്കാം എന്ന് തീരുമാനിക്കുന്നതും “ദാഇശ്” എന്ന നോവൽ എഴുതി തുടങ്ങുന്നതും.

ചോദ്യം: ഇത് വായനക്കാരിലേക്ക് എത്തിക്കുക വഴി താങ്കൾ ഉദ്ദേശിച്ചത്/ ലക്ഷ്യമാക്കിയത് എന്ത്?

ഉത്തരം: നോവലിന്റ സംക്ഷിപ്ത രൂപം എന്ന് പറയുന്നത്, മുഹമ്മദ് റഫീഖ്, അഷ്കർ എന്ന് പേരുള്ള രണ്ട് മലയാളി സുഹൃത്തുക്കൾ കേരളത്തിൽ നിന്ന് ദാഇശിലേക്ക് ചേരാൻ പോവുന്നതാണ്. ആദ്യമായി അവർ ദമ്മാജിലേക്ക് പോകുന്നു, അവിടത്തെ അനുഭവങ്ങളിലൂടെ ജീവിക്കുന്നു, പിന്നീട് ഇറാഖിലേക്കും സിറിയയിലേക്കും പോകുന്നു. അവിടെ അവരുടെ ജീവിതത്തിൽ നേരിട്ട ദുരന്തനുഭവങ്ങൾ, അവരുടെ ജീവിതം കൊണ്ട് അവർ പഠിച്ച പാഠങ്ങൾ, അവിടെ സത്യസന്ധമായി കണ്ട, ക്രൂരവും പൈശാചികവും ഞെട്ടിപ്പിക്കുന്നതായ കാഴ്ചകൾ, ഭീകരരായി കൊണ്ടുള്ള അവിടുത്തെ ജീവിതം, അവസാനം അവരുടെ തിരിച്ചറിവുകൾ എന്നിവയാണ് ഈ നോവലിന്റെ ഇതിവൃത്തം. അവരെ തന്ത്രപരമായി റിക്രൂട്ട് ചെയ്യുകയാണ്. ഇങ്ങനെ റിക്രൂട്ട് ചെയ്യുമ്പോൾ ഇവർ മാത്രം ഇങ്ങനെ പുറപ്പെട്ടു പോകാനുള്ള മോട്ടീവ് എന്താണ്, എല്ലാവരും പോകുന്നില്ലല്ലോ? അവരുടെ സാമൂഹിക-കുടുംബ-മത പശ്ചാത്തലമെന്താണ് എന്ന് തുടങ്ങി ഇസ്‌ലാമും ഇസ്‌ലാമിക സ്റ്റേറ്റും തമ്മിൽ എന്തു തരത്തിലുള്ള ബന്ധമാണുള്ളത്, ആ ഒരു പേരു മാത്രമേയുള്ളോ അതോ അതിനപ്പുറത്തേക്ക് വല്ല ബന്ധമുണ്ടോ, ഐ.എസുമായി ബന്ധപ്പെട്ട് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണ്, ആരാണ് ഇത്തരം തീവ്രവാദ ചിന്തകളുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്, ആരാണ് സൗകര്യം ചെയ്തു കൊടുക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നോവലിലൂടെ പറയാൻ ശ്രമിക്കുന്നത്. ലോകത്തിലെ തീവ്രവാദത്തിന്റെ ഉള്ളറകളിലേക്കിറങ്ങിയാലാണ് അതിന്റെ ആഴവും പരപ്പും ബോധ്യമാവുക. അതുകൊണ്ടുതന്നെ “ദാഇശ്”എന്ന പേരിൽ ഒരു നോവൽ എഴുതുമ്പോൾ എല്ലാതരം ഭീകരവാദ-തീവ്രവാദത്തെക്കുറിച്ചുംഎഴുതണം. ലോകത്തുള്ള ഭീകരവാദത്തെക്കുറിച്ചും ഭരണകൂട ഭീകരതയെക്കുറിച്ചും പറയുന്നതോടൊപ്പം മനുഷ്യന്റെ സ്വൈര്യ ജീവിതത്തിനു മാനവികതയിലേക്ക് മടങ്ങണമെന്നും നോവൽ വിളിച്ചു പറയുന്നു.

ചോദ്യം: ഈ നോവലിന്റെ അവസാന ഭാഗത്ത്, ഖുർആനെയും ഹദീസിനെയും അക്ഷരവായന നടത്തി അർത്ഥം കണ്ടെത്തുന്നത് അപകടമാണെന്നും, അതിനപ്പുറത്തേക്ക് പാരമ്പര്യ മുസ്ലീങ്ങൾ തുടർന്നുപോരുന്ന ഏതെങ്കിലുമൊരു മദ്ഹബ് സ്വീകരിക്കലാണ് ശരിയെന്നും, മദ്ഹബിന്റെ അനിവാര്യതയെയും ഇമാമീങ്ങളുടെ തഫ്സീറുകളുടെ പ്രാധാന്യത്തെയും ഓർമ്മപ്പെടുത്തുന്നുണ്ട്. അത് നിങ്ങൾ കൃത്യമായി പറഞ്ഞുവെങ്കിലും നോവലിന്റെ ഇടയിൽ ദാഇശിനെ സുന്നികളുമായി ചേർത്തിപ്പറഞ്ഞത് കാണുന്നു. ആഗോളതലത്തിൽ മുസ്ലീങ്ങളെ സുന്നി-ഷിയ എന്നീ ബൈനറിയിലാണ് കാണുന്നതെങ്കിലും നമ്മുടെ കേരളീയ പരിസരത്തിൽ അങ്ങനെയല്ല. അപ്പോൾ ഈ പുസ്തകം വായിക്കുന്ന മലയാളികളിൽ ഇത് തെറ്റിദ്ധാരണയുണ്ടാവാൻ കാരണമാവില്ലേ ?

ഉത്തരം: ഈ നോവൽ പൂർത്തിയായി വായിക്കുമ്പോൾ പുസ്തകം പറയുന്ന സന്ദേശമെന്താണെന്നും എഴുത്തുകാരന്റെ ഇതിലുള്ള നിലപാട് എന്താണെന്നും വായനക്കാർക്ക് മനസ്സിലാകും. പുസ്തകത്തിന്റെ ഇത്തിരി ഭാഗം മാത്രം വായിച്ച് അതിൽ നിന്നും നിലപാട് കണ്ടെത്തുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് തന്നെ ആദ്യ ഭാഗങ്ങളിൽ ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ പുസ്തകം പൂർണമായി വായിക്കുമ്പോൾ നീങ്ങിപ്പോകും. ഈ നോവൽ ഐ.എസ് എന്നുള്ള കോമൺ കൺസപ്റ്റിനെയാണ് പറയുന്നത്. ലോകത്തിന്റെ പൊതുവായ ഒരു കാഴ്ചപ്പാട് എന്നു പറയുന്നത്, മീഡിയകളിലാവട്ടെ മറ്റു സോഴ്സുകളിലാകട്ടെ, മുസ്‌ലിംകൾ സുന്നി-ഷിയാ എന്ന ബൈനറിയിലധിഷ്ഠിതമായാണ് അറിയപ്പെടുന്നത്, നമ്മുടെ നാട്ടിൽ ഇതിനു വ്യത്യാസമുണ്ടെങ്കിൽ പോലും. അപ്പോൾ ഇറാഖ്, സിറിയ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങളെ ചിത്രീകരിക്കുന്ന, അവതരിപ്പിക്കുന്ന ഒരു നോവലെന്ന നിലക്ക് ആഗോളാടിസ്ഥാനത്തിലുള്ള സുന്നി-ശിയാ എന്നൊരു വേർതിരിവോടുകൂടിയെ പറയാൻ പറ്റുള്ളു.

ചോദ്യം: കേരളത്തിൽനിന്ന് ദാഇശിലേക്ക് യുവാക്കൾ പുറപ്പെട്ട പോയതിനെ പിറകെ കേരളത്തിലെ ചിതറിക്കിടക്കുന്ന മുജാഹിദ് വിഭാഗങ്ങൾ പേരിനെങ്കിലും ഒന്നാവാൻ തീരുമാനിച്ചു. പലസ്ഥലങ്ങളിലും രാത്രികാലങ്ങളിൽ സലഫി എന്ന് മുദ്രണം ചെയ്ത ബോർഡുകളൊക്കെ ഒഴിവാക്കി, ‘ആ സലഫിസമല്ല ഈ സലഫിസം’ എന്നവർ പറഞ്ഞവതരിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ ആ സലഫിസവും ഈ സലഫിസവും ഒന്ന് തന്നെയല്ലേ ? പ്രത്യേകിച്ച് അവരുടെ ആശയാടിത്തറ ഇബ്നു അബ്ദുൽ വഹാബ് ആണെന്നിരിക്കെ.

ഉത്തരം: ആത്മീയ സലഫിസവും തീവ്രസലഫിസവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് എന്റെ അന്വേഷണങ്ങളിൽ എനിക്കു മനസ്സിലായത്. പ്രവാചക കാലത്ത് മുസ്ലിംകൾ ഏതു രീതിയിലാണോ ജീവിച്ചത് അതുപോലെ നമ്മളും ജീവിക്കണമെന്നും മതേതരമായ ഒരു സംവിധാനത്തിൽ നികുതിയടക്കുന്ന, അനുവദനീയമായതും നിഷിദ്ധമായതുമെല്ലാം കൂടിക്കലർന്ന ഒരു ചുറ്റുപാടിൽ ജീവിക്കാൻ പറ്റില്ല എന്നും, അതുകൊണ്ട് തന്നെ വളരെ സംശുദ്ധമായ സാഹചര്യത്തിൽ ജീവിക്കാൻ ഇവിടെ നിന്ന് ഹിജ്റ പോകണമെന്നും ചിന്തിക്കുന്നവരാണ് ആത്മീയ സലഫികൾ. ഈ വാദമുള്ള കേരളത്തിലെ സലഫികളെക്കുറിച്ചാണ് ഞാൻ നോവലിൽ പറയുന്നത്. അങ്ങനെയാണവർ ദമ്മാജിലേക്ക് പോകുന്നത്. ഈ നോവലിൽ ദമ്മാജിനെ ഒരു തീവ്രവാദ കേന്ദ്രമാക്കി ഞാൻ പരിചയപ്പെടുത്തുന്നുമില്ല.
ഇവിടത്തെ സലഫിസവും പുസ്തകത്തിൽ പറഞ്ഞ തീവ്രവാദ നിലപാടുകളുള്ള സലഫിസവും തമ്മിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട് എന്നാണ് ഞാൻ കരുതുന്നത്. കാരണം അടിസ്ഥാനപരമായി ആശയാടിത്തറയിൽ സൂക്ഷ്മമായി നോക്കുമ്പോൾ സാമ്യം തോന്നാമെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ചു സലഫികളുടെ നിലപാടുകളും ജീവിതരീതിയും മാറുന്നതായി നമുക്കു കാണാനാകും. ഏത് ചുറ്റുപാടിലാണോ ഇവർ ജീവിക്കുന്നത്, ആ സാഹചര്യങ്ങൾക്കും പശ്ചാത്തലങ്ങൾക്കുമനുസരിച്ച് അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സാമൂഹികജീവിതത്തെയുമൊക്കെ അവർ മാറ്റിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് സൗദി അറേബ്യയിൽ ഒരു രീതിയിൽ സലഫിസം പ്രവർത്തിക്കുമ്പോൾ ഇവിടെ കേരളത്തിൽ വേറൊരു രീതിയിൽ പ്രവർത്തിക്കുന്നത്. ലോകത്തുള്ള എല്ലാ സലഫിസത്തിനും അടിസ്ഥാനപരമായി, അവർ അവലംബിക്കുന്ന പുസ്തകങ്ങൾക്കും തെളിവുകൾക്കുമൊക്കെ സാമ്യം തോന്നുമ്പോഴും അവർ വ്യത്യസ്ത സ്ഥലങ്ങളിൽ, സാഹചര്യങ്ങളിൽ വ്യത്യസ്തമായി ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഇതുകൊണ്ടാണെന്നാണ് മനസ്സിലാകുന്നത്.

ചോദ്യം: എം.എം അക്ബർ, ശംസുദ്ദീൻ പാലത്ത്, സാക്കിർ നായിക്ക് തുടങ്ങിയവരെ വിവാദ പ്രഭാഷണ-പ്രവർത്തനങ്ങളുടെ പേരിൽ ചോദ്യം ചെയ്തപ്പോൾ കേരളത്തിലെ സുന്നികൾ ഇവരെ തള്ളിപ്പറയുകയും സലഫിസത്തിനെതിരെ ശക്തമായ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയും ചെയ്തിരുന്നു. ഫാസിസവും സലഫിസവും പ്രശ്നമാണെന്നിരിക്കെ, ഫാസിസ്റ്റ് ഭരണകൂടം മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുമ്പോൾ, ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെയാണ് കാണുന്നത് ?

ഉത്തരം: വിശ്വാസപരമായ കാര്യങ്ങളിൽ വൈകല്യം സംഭവിക്കുമ്പോൾ അതിനെ പ്രതിരോധിക്കൽ അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഈ ബോധവൽക്കരണം നടക്കുന്നത്. മറുവശത്ത് നമ്മുടെ നിലിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് നാം തിരിച്ചറിയയുന്നുണ്ടോ എന്നാണ് സംശയം. കഴിഞ്ഞ ദിവസവും ആഭ്യന്തരമന്ത്രി പറഞ്ഞു, കോവിഡ് കഴിഞ്ഞാൽ CAA നടപ്പിലാക്കുമെന്ന്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ മുഖ്യ അജണ്ട എന്താവണം എന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്.
ഇവിടെ പ്രധാനമായും രണ്ടു പ്രശ്നങ്ങളാണുള്ളത്. ഒന്ന് നമ്മെ വേരോടെ പിഴുതെടുക്കാൻ ചിലർ നോക്കുന്നു. മറ്റൊന്ന് നമ്മുടെ ശാഖകൾ മുറിക്കാൻ ചിലർ ശ്രമിക്കുന്നു. ഒരു വലിയ മരത്തെ ഒരാൾ വേരോടെ പിഴുതെടുക്കുകയും വേറൊരാൾ അതിന്റെ ശാഖകൾ മുറിക്കുകയും ചെയ്യാനൊരുങ്ങുമ്പോൾ നാമെന്ത് ചെയ്യണം? ഈ ചോദ്യത്തിനാണ് നാം ഉത്തരം കണ്ടെത്തേണ്ടത്.

ചോദ്യം: ഒരുമയോടെയും ഐക്യത്തോടെയും ജീവിച്ചിരുന്ന കേരള മുസ്ലിങ്ങൾക്കിടയിലേക്ക് ഭിന്നിപ്പിന്റെ വിത്തുവിതച്ചാണ് സലഫിസം കടന്നുവന്നത്. അവരെ പ്രതിരോധിക്കാനെന്നോണമാണ് ഇവിടുത്തെ പാരമ്പര്യ മുസ്ലിംങ്ങൾ സംഘടിതരാവുന്നത്. മുസ്ലിം പണ്ഡിതരുടെ കൃത്യമായ വിശദീകരണത്തോടെ, ധീരമായ ചെറുത്തുനിൽപ്പിലൂടെ സലഫിസത്തിന് ഇവിടെ വേണ്ടത്ര വേരോട്ടം കിട്ടിയില്ല.
പിൽക്കാലത്ത് സലഫിസം അപകടമാണെന്നും മുസ്ലിം പണ്ഡിതരുടെ ദീർഘദൃഷ്ടിയോടെയുള്ള നിലപാടുകൾ ശരിയാണെന്നും പൊതുസമൂഹം തിരിച്ചറിയുകയും ചെയ്തു. പഴയകാലത്ത് സലഫിസത്തോടും മറ്റു അവാന്തര വിഭാഗത്തോടും മുസ്ലിം പണ്ഡിതർ എടുത്ത നയനിലപാടുകൾ പുതിയ കാലത്തും അതുപോലെ തുടരേണ്ടത് ആവശ്യമല്ലേ?

ഉത്തരം: പാരമ്പര്യ മുസ്ലിം പരിസരങ്ങളിൽനിന്ന് പഴയകാലങ്ങളിൽ സലഫിസത്തെ എതിർത്തത് പോലെയുള്ള രീതികൾ പുതിയ കാലത്തും തുടരണമെന്ന് തന്നെയാണ് അഭിപ്രായം. പക്ഷേ ഇക്കാലത്തെ നമ്മുടെ ഫോക്കസ് എന്താണെന്ന് മറന്നു പോകരുത് എന്ന് മാത്രം. പഴയകാലത്തെ ഒരു ചുറ്റുപാടുകളിലൂടെയല്ല നമ്മുടെ നാടും പരിസരവും കടന്നുപോകുന്നത്. ഒരുദാഹരണം പറയുകയാണെങ്കിൽ “മരണപര്യന്തം” എന്ന എന്റെ നോവൽ വായിച്ച് കുറച്ച് സുഹൃത്തുക്കൾ, ഇസ്ലാമിനെക്കുറിച്ച് അവർക്കുകൂടി മനസ്സിലാകുന്ന പുസ്തകങ്ങൾ നിർദ്ദേശിക്കാമോ എന്ന് ചോദിച്ചു. പുസ്തകങ്ങളും എഴുത്തുകാരും പ്രസിദ്ധീകര സാലകളുമൊക്കെ കൂടിയിട്ടുണ്ടെങ്കിലും പൊതു പ്ലാറ്റ്ഫോമിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന, തെറ്റിദ്ധാരണകൾ തിരുത്തുന്ന, ഇതര മതസ്ഥർക്ക് ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന പുസ്തകങ്ങൾ കുറവാണ് എന്ന് ബോധ്യമായത് അപ്പോഴാണ്. അത് ആരുടെ പരാജയമാണ്?
അതാണ് പറയുന്നത്, ആ ഒരു രീതിയിലേക്ക്, വിശാലമായ കോമൺ പ്ലാറ്റ്ഫോമിലേക്ക് നമ്മുടെ പ്രവർത്തനങ്ങളെ വിശേഷിച്ച് എഴുത്തിനെയും ആശയവിനിമയങ്ങളെയും മാറ്റേണ്ടതുണ്ട്. വിശ്വാസപരമായ, ശാഖാപരമായ കാര്യങ്ങളിൽ നമ്മുടെ നിലപാടുകളും ബോധവൽക്കരണവും എങ്ങനെയാവണമെന്ന്, വലിയ ചിന്തകളുള്ള, ഒരുപാട് ലോകവും കാലവും കണ്ട നേതാക്കളും പണ്ഡിതന്മാരുമാണ് പറയേണ്ടതാണ്. അതു പറയാൻ ഞാൻ ആളല്ല, പക്ഷേ, നമ്മുടെ എഴുത്തിന്റെയും ആവിഷ്കാരങ്ങളുടെയും ഫോക്കസ് നമ്മുടെ സർക്കിളിനു പുറത്തുള്ള പൊതു ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്.

ചോദ്യം: പുറമേക്കു വ്യത്യസ്തമാണെന്നു തോന്നുന്നുവെങ്കിലും അകമേ മൗദൂദിസവും സലഫിസവും ഒന്നുതന്നെയാണ്, അവരുടെ ആശയവും പ്രവർത്തനവും. ‘ജനാധിപത്യം പൈശാചികമാണ്, ദാഇശാണ് യഥാർത്ഥ മുക്തി മാർഗ്ഗം’, ‘ദാഇശ് നിരപരാധികളെ കൊല്ലുന്നില്ല, ദാഇശല്ലാത്തവരെല്ലാം കാഫിറുകളാണ്. അവരെയാണ് കൊല്ലുന്നത്’, ‘ആധുനികകാലത്തെ പ്രബോധനം എന്ന് പറയുന്നത് ജിഹാദാണ്’ തുടങ്ങിയ സലഫി നേതാക്കളിൽനിന്നു നാം കേട്ട പല പ്രസ്താവനകളും ഈ നോവലിൽ പരാമർശിക്കുന്നുണ്ട്. സമാനമായ പ്രസ്താവനകൾ മൗദൂദിയിൽനിന്നും കാണാൻ കഴിയും. ‘ഉസ്മാനിയ്യഃ ഖിലാഫതോടെ അവസാനിച്ച ഖിലാഫത്ത് പുനസ്ഥാപിക്കുകയാണ് ദാഇശിന്റെ ലക്ഷ്യം, ഖിലാഫത് സൃഷ്ടിക്കാനുള്ള മൂന്നാംലോക മഹായുദ്ധമാണ് ദാഇശ് നടത്തുന്നത് തുടങ്ങിയ പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് ജമാലുദ്ദീൻ അഫ്ഗാനി പാൻ-ഇസ്ലാമിസത്തിലൂടെ, മൗദൂദി ജമാഅത്തെ ഇസ്ലാമിയിലൂടെയും ലക്‌ഷ്യം വച്ചത്. ആഗോളതലത്തിൽ സലഫിസവും പൊളിറ്റിക്കൽ ഇസ്‌ലാമും ചേർന്നാണോ പ്രവർത്തിക്കുന്നത് ?

ഉത്തരം: ആഗോളതലത്തിൽ നോക്കുമ്പോൾ രണ്ടു വിഭാഗത്തിന്റെയും സോഴ്സുകൾ ഒന്നാണെന്നു കാണാൻ കഴിയും. ജിഹാദിനും തീവ്രവാദത്തിനും, ഐഎസ് ചെയ്യുന്ന ക്രൂരതകൾക്കും അക്രമങ്ങൾക്കുമെല്ലാം ഇവർ അടിസ്ഥാനമാക്കുന്നതും അവലംബമാക്കുന്നതും വഹാബി, മൗദൂദി ആശയങ്ങൾ പറയുന്ന പുസ്തകങ്ങളും ഗ്രന്ഥങ്ങളും മറ്റുമാണ്. ഖുർആനിലും ഹദീസിലും പറഞ്ഞ ജിഹാദിന്റെ പരാമർശങ്ങൾ, അതിന്റെ സാഹചര്യവും വ്യാഖ്യാനവും സന്ദർഭവും നോക്കാതെയാണ് അവർ വർത്തമാനകാലത്ത് പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുന്നത്. അവർ ചെയ്യുന്ന കാര്യങ്ങളെ സമർത്ഥിക്കുന്നതിനുള്ള തെളിവുകളും പിൻബലവും തയ്യാറാക്കുന്നത് സലഫി-മൗദൂദി ധാരയിലുള്ള മുൻകാല നേതാക്കളുടെ ഗ്രന്ഥങ്ങളിൽനിന്നും ആശയങ്ങളിൽനിന്നുമാണ്. ഇസ്ലാമിനെ ഉപരിപ്ലവമായി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണവർ.
ഇവിടെ ശ്രദ്ധിക്കേണ്ട, തിരിച്ചറിയേണ്ട ഒരു കാര്യം, വർഷങ്ങളോളം അറിവ് പഠിക്കാനും പഠിപ്പിക്കുവാനുമായി ജീവിതകാലം മുഴുവൻ യത്നനിച്ച പണ്ഡിതന്മാരുടെ വാക്കുകളിലൂടെ, അവരുടെ ഗ്രന്ഥങ്ങളിലൂടെ ഇസ്ലാമിനെ പഠിച്ചവരാരും ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പോകുന്നില്ല എന്നതാണ്, അല്ലെങ്കിൽ അവരിൽ നിന്ന് തീവ്രചിന്താഗതിയിലേക്കുള്ള പ്രചോദനം കിട്ടുന്നില്ല എന്നതാണ്.

ചോദ്യം: ജനാധിപത്യം കൂടുതൽ ശക്തമായ ഒരിടമെന്ന നിലയിൽ, ഇന്ത്യയിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പോലെ സലഫിസവും പൊളിറ്റിക്കൽ ഇസ്ലാമും പ്രവർത്തിക്കാറില്ല. എങ്കിലും ആഗോള തലത്തിൽ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്ന ശെയ്ഖ് റമളാൻ ബൂഥ്വി, ശെയ്ഖ് സുലൈമാൻ പോലെയുള്ള മുസ്‌ലിം പണ്ഡിതരെ വധിക്കുകയാണ് തീവ്രവാദികൾ ചെയ്തത്. ഇവിടെയും പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചും സലഫിസത്തെ കുറിച്ചും മുന്നറിയിപ്പ് നൽകുന്ന പണ്ഡിതരെ അങ്ങേയറ്റം അവഹേളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ജനാധിപത്യം ദുർബലമാവുകയും ഇത്തരം സംഘടനകൾ കരുത്താർജിക്കുകയും ചെയ്താൽ ഇന്ത്യയിലും ആഗോളതലത്തിലുള്ള സമാന സാഹചര്യം പിറവിയെടുക്കുമോ ?

ഉത്തരം: തീവ്രവാദ മനസ്സും ചിന്താഗതിയും വച്ചുപുലർത്തുന്ന കുറച്ചുപേരെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്ന കാര്യം നിഷേധിക്കാനാകില്ല. ഭരണകൂടങ്ങൾ ജനാധിപത്യവൽക്കരിക്കപ്പെടുന്നതുംശക്തമായ നിയമ വാഴ്ച്ചയും പ്രതികൂല സാഹചര്യങ്ങളുമാണ് അവരെ തീവ്രവാദ പ്രവർത്തനങ്ങളിൽനിന്നു തടയുന്നത്.
ദാഇശിന്റെ അവസാന ഭാഗത്തായി മുഹമ്മദ് റഫീഖും അഷ്കറും തമ്മിലുള്ള ഒരു സംഭാഷണം ഉൾപ്പെടുത്തിയിട്ടുണ്ട്. കുറേ കാലത്തിനു ശേഷമാണ് അവർ വീണ്ടും കണ്ടുമുട്ടുന്നത്. ദാഇശിന്റെ നിലവിലെ അവസ്ഥ എന്താണ് എന്ന് റഫീഖ് അഷ്കറിനോട് ചോദിക്കുന്നുണ്ട്. അപ്പോൾ അഷ്കർ തിരിച്ചുപറയുന്നു, ‘അവർ തകർന്നുകൊണ്ടിരിക്കുകയാണ് ഇന്ന സ്ഥലത്ത് തകർന്നു, ഇന്ന സ്ഥലത്ത് തകരുന്നു. കുറെ പേർ നാട്ടിലേക്ക് തിരിച്ചുപോയി ‘ എന്നൊക്കെ…
ആ അദ്ധ്യായത്തിൽ തന്നെ റഫീഖിന്റെ ഒരു ആത്മഗതമെന്നോണം പറയുന്നുണ്ട്, ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. ആളുകൾ നശിച്ചു എന്നതുകൊണ്ട് ആശയം നഷ്ടപ്പെടില്ല. കാരണം ചിന്താധാര മനസ്സിലാണുള്ളത്, മനസ്സിനാണ് ചികിത്സ നൽകേണ്ടത്. അവരുടെ ആളുകളും ആയുധങ്ങളും വെടിക്കോപ്പുകളുമൊക്കെ നഷ്ടപ്പെട്ടാലും ഈയൊരു ചിന്താധാരയുള്ളവർ പല സാഹചര്യങ്ങളിൽ ജീവിക്കുന്നുണ്ടാകും. ഏതൊരു സമയത്താണ് /സ്ഥലത്താണ് ഇവർക്ക് സാഹചര്യവും സന്ദർഭവും ഒത്തുവരുന്നത് ആ ഘട്ടത്തിൽ തീവ്രമനോഭാവം വീണ്ടും മുളച്ചുപൊന്തും. പഴയത് പോലെ മഹാ വൃക്ഷമായി മാറാനും വീണ്ടും വിഷം വമിപ്പിക്കാനും സാധ്യതയുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
അപ്പോൾ എവിടെയാണ് ജനാധിപത്യവും മതേതരത്വവും ദുർബലമാകുന്നത് ആ ഒരു സ്പെയ്സിലേക്ക് തീവ്രവാദം വരും. അത് സ്വാഭാവികമാണ്. കാരണം ജനാധിപത്യം, മതനിരപേക്ഷത, മതസൗഹാർദ്ദം എന്നതെല്ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയുമൊക്കെ ശത്രുക്കളായി എതിർദിശയിൽ നിൽക്കുന്നതാണ്.

ചോദ്യം: ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരാശ, അരക്ഷിതാവസ്ഥ തുടങ്ങിയ ഓരോ നാട്ടിലെയും മത-സാമൂഹിക-രാഷ്ട്രീയ കാലുഷ്യം മുതലെടുത്താണ് തീവ്രവാദ സംഘടനകൾ അവിടങ്ങളിൽ വേരുറപ്പിക്കുന്നത്. സംഘപരിവാർ- ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയിൽ അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷങ്ങളും മറ്റും കൂടുതൽ അരക്ഷിതാവസ്ഥയിലും അരാചകത്വത്തിലുമാണ്. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു, മുസ്ലിം അപരവൽക്കരണവും അടിച്ചമർത്തലും ഭരണകൂടം നേരിട്ടുതന്നെ നടത്തുന്നു. തീവ്രവാദത്തിന് എല്ലാനിലക്കും വേരുറപ്പിക്കാനുള്ള ഒരിടമായി ഇന്ത്യ മാറിയിട്ടുണ്ടോ?. ഈയൊരു സാഹചര്യത്തെ ജനാധിപത്യ ഇന്ത്യ എങ്ങനെയാണ് മറികടക്കുക?

ഉത്തരം: ഒരു നാടിന്റെ വ്യവസ്ഥാപിതമായ സംവിധാനം ജനാധിപത്യമാണോ അല്ലയോ, അല്ലെങ്കിൽ ഇസ്ലാമിക രാജ്യമാണോ, അല്ലയോ എന്നുള്ളതല്ല പ്രശ്നം. മറിച്ച്, അസംതൃപ്തി ഉടലെടുക്കുന്ന, താൻ സുരക്ഷിതമല്ല എന്ന് തോന്നുന്ന മാനസികാവസ്ഥയിൽനിന്നാണ് തീവ്രത വരുന്നത്. അങ്ങനെയാണ് ഒരാൾ തീവ്രവാദി ആവുന്നതും മറ്റു നാടുകളിലേക്ക് പുറപ്പെട്ട പോകാൻ തയ്യാറാവുന്നതും.
ഇവിടെ പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണുള്ളത്. ഒന്ന് ഭരണപരമായ പ്രശ്നം. ജനാധിപത്യ ഇന്ത്യ എന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭദ്രമായ രാജ്യമാണ് എന്ന് അഭിമാനിക്കുമ്പോഴും, ചിലർക്കിടയിൽ അസംതൃപ്തി കൂടിക്കൊണ്ടിരിക്കുമ്പോൾ, മാനസികമായി അതിൽനിന്നു പുറത്തു കടക്കാനുള്ള ചിന്തകളുണ്ടാവും. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽതന്നെ തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്നു, ദാരിദ്ര്യവും പട്ടിണിയും തുടർക്കഥയാവുന്നു, ആത്മഹത്യയും ആൾക്കൂട്ടകൊലപാതകങ്ങളും വർദ്ധിക്കുന്നു, ഭരണരംഗങ്ങളിൽനിന്നു ചിലരെ ബോധപൂർവം മാറ്റിനിർ‌ത്തുന്നു. അവരെ അടിച്ചമർത്തുന്നു. രാജ്യത്തിൽനിന്ന് ചില വിഭാഗങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നു. അതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നു തുടങ്ങിയ നിരവധി അസംതൃപ്തികൾ ഉടലെടുക്കുന്ന പശ്ചാത്തലമുണ്ട്. ഒരാളുടെ ക്ലാസോ പ്രസംഗമോ കേട്ടോ എഴുത്ത് വായിച്ചോ തീവ്രവാദത്തിലേക്ക് പോകുന്നതിനേക്കാൾ കൂടുതലാണ് ഇങ്ങനെ അസംതൃപ്തരായി, സ്വയമേവ ഈയൊരു ചിന്താഗതിയിലേക്ക് പോകുന്നവർ. അത് ജനാധിപത്യം ഈയൊരു രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവം ആയതുകൊണ്ടോ അല്ലാത്തതുകൊണ്ടോ അല്ല, നേരെ മറിച്ച് ഭരണകൂടം നടത്തുന്ന അസഹിഷ്ണുതാപരമായ അസമത്വങ്ങളും അടിച്ചമർത്തലുകളും വഴി രൂപപ്പെടുന്നതാണ്.

രണ്ടാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ പ്രശ്നം മതപരമായ അസംതൃപ്തിയാണ്. ഇസ്ലാമിനെ ഉപരിപ്ലവമായി പഠിച്ചവർ, ഖുർആൻ-ഹദീസ് തുടങ്ങിയ ഗ്രന്ഥങ്ങൾ അക്ഷരവായന നടത്തിയവർ, അറിവിനും അന്വേഷണങ്ങൾക്കും ഗുരുനാഥന്മാരെ തേടാതെ ഗൂഗിളിനെ ആശ്രയിക്കുന്നവർ തുടങ്ങിയവരാണ് ഇത്തരം അസംതൃപ്തികൾക്ക് ഇരയാകുന്നവർ. പ്രത്യേകിച്ചും ഓൺലൈനിൽ ഒരു പ്രത്യേകതയുണ്ട്, നമ്മൾ എന്താണ് തിരയുന്നത്/ അന്വേഷിക്കുന്നത് അതിനനുസരിച്ചായിരിക്കും തുടർന്ന് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഓരോന്നും. നമ്മുടെ ടേസ്റ്റ് മനസ്സിലാക്കിയാണ് ഓൺലൈൻ പ്രതികരിക്കുന്നത്. ഉദാഹരണത്തിന്, ഇസ്ലാമിലെ ജിഹാദുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരയുമ്പോൾ ജിഹാദ് നടത്തിയത് മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ, അതിന്റെ പശ്ചാത്തലം, ഖുർആനിൽ ജിഹാദുമായി ബന്ധപ്പെട്ട് പറയുന്ന വ്യാഖ്യാനവും സാഹചര്യവും എന്താണെന്ന് ഓൺലൈനിൽ കിട്ടില്ല. അങ്ങനെ ഇസ്ലാമിനെ ഉപരിപ്ലവമായി പഠിക്കുമ്പോൾ മതപരമായ അസംതൃപ്തി പിറവിയെടുക്കുകയും അത് തീവ്ര ചിന്താഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

മൂന്നാമത്തെ പ്രശ്നം കുടുംബപരമായ അസ്വസ്ഥതകളാണ്. ക്രിമിനൽ മെന്റാലിറ്റി ഉള്ളവർ, വീട്ടിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ, ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്നവർ ഇങ്ങനെയുള്ളവർ ഇത്തരം അസംതൃപ്തികളിൽനിന്നുള്ള മോചനമാർഗമായി തീവ്രവാദത്തിലേക്ക് പോവുന്നു. ആത്മഹത്യ ചെയ്യുന്നതിലും ഭേദം കപടമായ ലോകത്തേക്കു പോകുകയാണ് നല്ലതെന്ന് അവർ തീരുമാനിക്കുന്നു.
ഇത്തരം പ്രശ്നങ്ങൾ അധികരിച്ചാൽ സ്വാഭാവികമായും തീവ്രവാദത്തിന് അനുകൂലമായ മണ്ണായി ഇവിടെയും മാറും. പക്ഷേ, യഥാർഥ ജനാധിപത്യ രാജ്യത്തിന്, ഇന്ത്യൻ ഭരണഘടന നൽകുന്ന അതേ അവകാശങ്ങളോടെ തുല്യതയും സഹിഷ്ണുതയും നിലനിർത്താനായാൽ ഇതിനെയൊക്കെ ശക്തമായി ചെറുക്കാനാവുമെന്ന യാഥാർഥ്യവും നാം മറന്നുകൂടാ.

ചോദ്യം: യുദ്ധം സർവ്വ സാധാരണമായി മാറിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ, നിരവധിപേർ കുടിയേറിപ്പോകുന്നുവെങ്കിലും അതിലധികവും അവിടെ തങ്ങുന്നുവെന്നാണ് യാഥാർഥ്യം. ഒരു ശരാശരി മനുഷ്യൻ അവിടെ എങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്?

ഉത്തരം: യുദ്ധത്തിന്റെ ഇരയായ പശ്ചിമേഷ്യയുടെ മാനസികാവസ്ഥ എന്താണെന്നുവച്ചാൽ അവിടത്തുകാർക്ക് മറ്റൊരു രാജ്യത്തേക്ക് പോകാൻ ആഗ്രഹമില്ല എന്നതാണ്. ഈ നോവലിൽ തന്നെ സിറിയയിലെ “അതാരിബ്” എന്ന് പറയുന്ന സ്ഥലത്ത് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ തിരയുന്ന “വൈറ്റ് ഹെൽമെറ്റ്സ്”എന്നൊരു സന്നദ്ധ സംഘത്തെ കുറിച്ച് പറയുന്നുണ്ട്. ഇതിലൊരാൾ വിശ്രമവേളയിൽ ഒരു മരത്തൈ നടുമ്പോൾ മുഹമ്മദ് റഫീഖ് ചോദിക്കുന്നുണ്ട്, ‘നിങ്ങൾക്ക് ഇത് കൊണ്ട് എന്താണ് ഗുണം? ഈ തൈ വളരണമെങ്കിൽ തന്നെ വർഷങ്ങളെടുക്കും, അതിനിടയിൽ നിങ്ങൾ ഇവിടുന്ന് വേറൊരിടത്ത് പോവുകയോ അല്ലെങ്കിൽ ആക്രമണങ്ങളിൽ മരിച്ചുപോവുകയോ ചെയ്യും. അപ്പോൾ അയാൾ പറയുന്നുണ്ട് ‘ഇത് എനിക്ക് വേണ്ടിയല്ല, ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ച് നാളെയെന്റെ തലമുറ നല്ലൊരു ജീവിതം ഇവിടെ നയിക്കും, അവർക്ക് തണൽ വിരിക്കാൻ വേണ്ടിയാണ് ഞാനിത് നടുന്നത്.’ അവിടെയുള്ളവരുടെയൊക്കെ മാനസികാവസ്ഥ ഇതുതന്നെയാണ്. ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ച് നാളെ നല്ലൊരു പുലരിയിൽ ഇവിടെ തന്നെ ജീവിക്കണം, അതിനുവേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ഇപ്പോൾ തന്നെ ചെയ്യുക എന്നാണ് അവരുടെ മാനസികാവസ്ഥ. മനുഷ്യപ്രകൃതം എന്നതുതന്നെ ജന്മ നാടിനോട് പ്രിയം വെക്കുന്നതാണല്ലോ. പിന്നെ നിലവിലെ സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ അഭയാഥികളായി പോകുകയല്ലാതെ അവരുടെ മുന്നിൽ മറ്റു മാർഗങ്ങളില്ല.

ചോദ്യം: ആഗോള തലത്തിൽ ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ നിരവധി സിനിമകൾ സൃഷ്ടിച്ചാൽ ഇസ്ലാമോഫോബിയ തടയാനാകുമെന്ന് പ്രമുഖ ഇറാൻ സംവിധായകൻ മജീദ് മജീദി പറയുന്നുണ്ട്. നിങ്ങളുടെ നോവൽ ഒരു സിനിമയാക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം? പ്രത്യേകിച്ചും ‘ഹലാൽ ലൗ സ്റ്റോറി’ ഒക്കെ മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്യുമ്പോൾ.

ഉത്തരം: പുതിയ കാലത്തെ ആശയവിനിമയ സാധ്യതകളെയെല്ലാം അതിന്റെ നെഗറ്റീവ് വശങ്ങൾ മാറ്റിവെച്ചുകൊണ്ട് സ്വതന്ത്രാവിഷ്ക്കാരത്തിനുള്ള മാർഗങ്ങളായി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ നിലപാട്. നമ്മുടെ മുമ്പിൽ കോവിഡ്, കോവിഡാനന്തര കാലത്ത് രണ്ട് പ്രതിസന്ധികളുണ്ട്. ഒന്ന്, കോവിഡ് എന്ന മഹാമാരി മൂലം പഴയ ആശയ വിനിമയ രീതികൾ പതുക്കെപ്പതുക്കെ അപ്രാപ്യമാകുന്നു എന്നതും. മറ്റൊന്ന്, ഭരണകൂടങ്ങളുടെ നിയമവാഴ്ച മൂലം നിർഭയമായ സ്വതന്ത്രാവിഷ്ക്കാരത്തിനുള്ള സ്പേസ് നഷ്ടപ്പെടുന്നുവെന്നതും.
ഈയടുത്ത് പാർലമെന്റിൽ ‘വിദേശഫണ്ട് നിയന്ത്രണ ബിൽ’ പാസാക്കി. ഇതിനെക്കുറിച്ച് ഭരിക്കുന്ന പാർട്ടിയുടെ എംപി പറഞ്ഞത്, വിദേശത്ത്നിന്നും ഇന്ത്യയിലേക്ക് വരുന്ന ഫണ്ട് ഉപയോഗിച്ച് പല മതസമൂഹങ്ങളും വ്യാപകമായി മത പ്രബോധനം നടത്തുന്നുണ്ട്, അത് നിയന്ത്രിക്കാനാണ് ഈ ബിൽ എന്നാണ്. ഒരുഭാഗത്ത് സാമൂഹികമായ നിയന്ത്രണങ്ങൾ പാലിക്കാൻ നാം നിർബന്ധിതരാകുന്നതോടെ പാരമ്പര്യമായി നാം ഉപയോഗിച്ചുപോന്ന പല ആശയ വിനിമയ മാർഗങ്ങളും നമുക്കുമുന്നിൽ വാതിലുകൾ അടയ്ക്കുന്നു. മറുഭാഗത്ത് ഭരണകൂടങ്ങൾ നിയമങ്ങളിലൂടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കു തടയിടുന്നു. സ്വതന്ത്രമായി ആവിഷ്ക്കാരങ്ങൾ നടത്താനും ഭയമില്ലാതെ എഴുതാനും ആശയവനിമയം നടത്താനുമുള്ള സാഹചര്യങ്ങൾ ഇല്ലാതാകുകയും മനസ്സുകളിൽ ഭയം കൂടുകൂട്ടുകയും ചെയ്യുന്നു.
ഇങ്ങനെ വരുമ്പോൾ പുതിയ ആശയവിനിമയ രീതികൾ കണ്ടെത്തേണ്ടിവരിക സ്വാഭാവികമാണ്. അല്ലെങ്കിൽ പുതിയ കാലത്ത് ഒന്നും ചെയ്യാനാകില്ല. ‘മരണപര്യന്തം’ ഡിസി ബുക്സ് പുറത്തിറക്കുമ്പോൾ ഇസ്ലാം- പ്രവാചകൻ -ഖുർആൻ -മാലാഖ തുടങ്ങിയവയൊക്കെ നോവലാക്കി എന്ന രീതിയോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുക, അതുപോലെ പൂർണമായും പ്രാമാണികമായ, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ നോവൽ ഏതുതരത്തിലാണ് പൊതുമലയാളി സ്വീകരിക്കുക തുടങ്ങിയ ആശങ്കകൾ എനിക്കുണ്ടായിരുന്നു. പക്ഷേ നോവൽ വിജയിച്ചു. പല പതിപ്പുകൾ പുറത്തിറങ്ങി. മനോരമ ബുക്സ് പുറത്തിറക്കിയ ദാഇശിന്റെ അനുഭവവും അദ്ഭുതപ്പെടുത്തുന്നതാണ്. ഇത്തരം സാഹിത്യങ്ങൾക്ക് കോമൺ സ്പേസിൽ നല്ല സാധ്യതയുണ്ടെന്നാണ് എന്റെ രണ്ടു നോവലുകളും തെളിയിക്കുന്നത്. അവിശ്വസനീയമായ പിന്തുണയും സ്നേഹവുമാണ് വായനക്കാരിൽനിന്ന് രണ്ടു നോവലിനും ലഭിക്കുന്നത്.
ദാഇശ് പുറത്തിറങ്ങിയതിനു ശേഷം സിനിമാരംഗത്തുള്ള ഒന്നു രണ്ടു പേർ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടു സംസാരിച്ചിരുന്നു. പ്രസിദ്ധീകരിച്ചിട്ട് രണ്ടു മാസമാകുന്നേയുള്ളൂ. ഇപ്പോൾ ഒരു തീരുമാനം എടുക്കാൻ സമയമായിട്ടില്ല എന്നാണ് തോന്നുന്നത്.

ചോദ്യം: ഈ നോവലിൽ തന്നെ വളരെ യാദൃശ്ചികമായാണ്, സിനിമാഭ്രാന്തനായ അഷ്കർ റഫീക്കിനോടൊപ്പം യാത്ര പോകുന്നത്. ഇത്തരം പുറപ്പെട്ടു പോകലിന് സിനിമ സ്വാധീനിക്കുന്നുണ്ടോ?

ഉത്തരം: സിനിമ കാരണമായി പുറപ്പെട്ടുപോകുന്നുവെന്ന് കാണിക്കാനല്ല അഷ്കറിനെ ഞാൻ കൊണ്ടുവന്നത്. മറിച്ച് ഐ,എസ് അടക്കമുള്ള തീവ്രവാദ കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ മാനസികാവസ്ഥ പലതാണെന്ന് കാണിക്കാനാണ്. ഇസ്ലാമികമായ എല്ലാ കാര്യങ്ങളും അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയോട് കൂടി അനുഷ്ഠിക്കുകയും അനുചരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നാണ് ഐ,എസി നെ കുറിച്ച് പലരും ധരിച്ചുവച്ചിരിക്കുന്നത്. അതൊരു തെറ്റിദ്ധാരണയാണെന്നു മാത്രമല്ല, നീക്കപ്പെടേണ്ടത് അനിവാര്യവുമാണ്. ഇസ്ലാമിനെ വളർത്താനോ അല്ലെങ്കിൽ ഖിലാഫത് സ്ഥാപിക്കാനോ ആഗ്രഹിച്ചുപോകുന്നവരെക്കാൾ പലവിധ ആവശ്യങ്ങൾക്ക് വേണ്ടി പുറപ്പെട്ടു പോയവരാണ് ബഹുഭൂരിഭാഗവും. ലോകത്ത് പലതരത്തിലുള്ള ക്രിമിനൽ കേസുകളിലകപ്പെട്ടവർക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമെന്ന നിലയ്ക്കും സിനിമാ ഭ്രാന്ത് പിടിച്ച്, അതിന്റെ വിശ്വൽ എക്സ്പീരിയൻസ് അനുഭവിക്കുക എന്ന നിലക്കുമൊക്കെ പോകുന്നവരുണ്ട്. പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം ചെയ്യുക, നിരപരാധികളെ കൊന്നൊടുക്കുക, യുദ്ധം ഹറാമായ മാസത്തിൽപോലും യുദ്ധം ചെയ്യുക, ഇസ്ലാമലെ ആരാധനകൾ നിർവഹിക്കാതിരിക്കുക തുടങ്ങി തീർത്തും ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങളാണ് ഇത്തരം തീവ്രവാദ കേന്ദ്രങ്ങളിലുള്ളതെന്നും, ഇസ്ലാമുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഇത്തരം പുറപ്പെട്ടുപോകൽ മത താൽപര്യത്തിനപ്പുറം മറ്റെന്തൊക്കെയോ ആണെന്നും പറഞ്ഞു കൊടുക്കുന്നതിനു വേണ്ടിയാണ് അഷ്കർ എന്ന കഥാപാത്രത്തെയും സിനിമയേയും കൊണ്ടുവന്നത്.

ചോദ്യം: ഒരേസമയം ഇത്തരം തീവ്രവാദ കേന്ദ്രങ്ങൾ തകർക്കുന്നത് ചില നിരപരാധികൾക്ക് രക്ഷപ്പെടാനുള്ള അവസരവും ചില നിരപരാധികൾ വധിക്കപ്പെടാനും കാരണമാവുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഇത്തരം കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? ഇതൊരു പരിഹാരമാണോ?

ഉത്തരം: യുദ്ധത്തെ ഒരിക്കലും യുദ്ധം കൊണ്ടല്ല നേരിടേണ്ടത്, അത് പരിഹാരവുമല്ല. പക്ഷേ, ഒരു പൊതുശത്രുവിനെ മുന്നിൽ നിർത്തി, യുദ്ധം നിലനിൽക്കണം എന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ താല്പര്യം. ലോകത്തിലെ ഏറ്റവും മികച്ച വ്യാപാരം ആയുധക്കച്ചവടമാണ്. യുദ്ധം നിലനിൽക്കുമ്പോഴാണ് ആയുധം ചിലവാകുക. അതുകൊണ്ട് യുദ്ധത്തിന് അറുതിവരുത്താൻ ഇവരാരും ആഗ്രഹിക്കുന്നില്ല. ഇത്തരം തീവ്രവാദ കേന്ദ്രങ്ങളിലെ ആയുധങ്ങൾതന്നെ അമേരിക്കൻ, റഷ്യൻ, ഇസ്രായേൽ നിർമ്മിതങ്ങളാണെന്നു നോവലിൽ പറയുന്നുണ്ട്. തീവ്രവാദികൾ ഉത്പാദിപ്പിക്കുന്ന എണ്ണ വാങ്ങുന്നതും ഇവരാണ്. യുദ്ധം നിലനിന്നുപോകൽ താൽപര്യമാക്കിയവർ അതിനുള്ള കാരണങ്ങളും കാലാകാലങ്ങളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇത്തരം യുദ്ധങ്ങൾ ഒരു പരിഹാരമല്ല, മറിച്ച് യുദ്ധങ്ങളും കെടുതികളും ഇരട്ടിക്കാനേ വഴിവയ്ക്കൂ. ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടത്.

ചോദ്യം: ലോകത്തെ തീവ്രവാദികളെ തള്ളിപ്പറയുന്നതുപോലെ പ്രധാനമാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ നയ-നിലപാടുകളെയും തള്ളിപ്പറയുന്നത്. ഒരുപക്ഷേ തവ്രവാദികൾക്ക് തഴച്ചു വളരാനുള്ള മണ്ണൊരുക്കുന്നു എന്ന നിലക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആണ് പ്രധാനമായും പ്രതിസ്ഥാനത്ത് നിൽക്കുന്നതും. “ഇറാഖിലേക്ക് അമേരിക്ക അധിനിവേശം നടത്തിയിട്ടില്ലായിരുന്നുവെങ്കിൽ ‘ദാഇശ് ‘ എന്ന സംഘടന തന്നെ പിറക്കില്ലായിരുന്നു” എന്ന് നിങ്ങൾ നോവലിൽ തന്നെ പരാമർശിക്കുന്നുമുണ്ട്. പക്ഷേ ലോകത്തിന്റെ പൊതുവായ ചിത്രത്തിൽ അമേരിക്ക ശുദ്ധന്മാരും, തീവ്രവാദികളും അവരുടെ മതവും മാത്രം പ്രതിസ്ഥാനത്തു വരാനുള്ള കാരണമെന്താവും?

ഉത്തരം: ആയുധകച്ചവടം നടത്തുന്ന, സാമ്പത്തിക-രാഷ്ട്രീയ താൽപര്യങ്ങളുള്ള രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ന്യൂസ് ഏജൻസികളാണ് ഇത്തരം തീവ്രവാദ-ഭീകരവാദ സംബന്ധിയായ വാർത്തകൾ ലോകത്തിന് നൽകുന്നത്. ഇത്തരം പാശ്ചാത്യ-വലതുപക്ഷ മീഡിയകൾ നൽകുന്ന വാർത്തകളാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്കു പിറകിലും. അതുകൊണ്ട് ഇവർ സൃഷ്ടിച്ചെടുത്ത ഒരു പൊതുബോധമാണ്, ഒരു വിഭാഗം മാത്രമാണ് ലോകത്ത് അക്രമമുണ്ടാക്കുന്നതെന്നും ഞങ്ങൾ ലോകത്തെ ഇവരിൽനിന്നും രക്ഷിക്കുകയാണ് എന്നുമുള്ള ഇമേജ്. അതൊരു ബോധപൂർവ്വ സൃഷ്ടിയാണ്. ഇങ്ങനെയൊരു ഇമേജ് ലോകത്തിനു മുന്നിൽ നൽകിയാൽ മാത്രമേ അവർ നടത്തുന്ന യുദ്ധങ്ങളെ ന്യായീകരിക്കാനും അതുവഴി രാജ്യങ്ങളുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാനും സാധിക്കൂ.

ചോദ്യം: കുരിശുയുദ്ധോർമ്മകൾക്ക് പകരം വീട്ടുക, മുസ്ലിം രാജ്യങ്ങളിൽ ഛിദ്രതയുണ്ടാക്കി പരസ്പര സംഘർഷങ്ങളിൽ തളച്ച് മുതലാളിത്തം നേരിടുന്ന ഭീഷണിയെ കായികമായി ചെറുക്കുക, ഒപ്പം ആയുധവ്യാപാരം ഊർജ്ജിതമാക്കുക തുടങ്ങി നിരവധി താല്പര്യമാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് ഈ ‘തീവ്രവാദ’ വിരുദ്ധ പ്രവർത്തണമെന്ന പേരിലുള്ളത്. ഇത്തരം നിരവധി കാരണങ്ങൾ ഇവർക്കുണ്ടായിട്ടും ഇസ്ലാമോഫോബിയ ശക്തിപ്പെടാനും മുസ്ലിംകൾ പ്രതിക്കൂട്ടിലാവുന്നതിന്റെയും കാരണമെന്താണ്?

ഉത്തരം: അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ-യുറോപ്യൻ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കുന്നത്, തീവ്ര ദേശീയതയും വംശീയതയും വലതുപക്ഷ താൽപര്യങ്ങളുമാണ്. ഒരു പൊതു ശത്രുവിനെ മുൻനിർത്തി, അവരെ ചൂണ്ടികൊണ്ടാണ് ഇതെല്ലാം ഉൽപാദിപ്പിക്കുന്നതും വിജയിക്കുന്നതും. അതിന്റെ ഭാഗമായാണ് ബോധപൂർവ്വമായി ഇസ്ലാമോേഫോബിയ സ്യഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും. അവരുടെ സാമ്പത്തിക-രാഷ്ട്രീയ താൽപര്യത്തിന് ഇതനിവാര്യമായി മാറുന്നു എന്നതാണ് അപകടകരം.

ചോദ്യം: തീവ്രവാദത്തിന് മതമില്ല. ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുന്നുമില്ല. എന്നാലും തീവ്രവാദ സംഘടനകൾ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത് (മതങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്). ഇവിടെ എല്ലാ മതത്തിലും ഇത്തരം തീവ്രവാദ ചിന്തകരെയും പ്രവർത്തകരെയും കാണാൻ കഴിയും. പക്ഷേ ആഗോളതലത്തിൽതന്നെ ഇസ്ലാമിനെ മാത്രമേ തീവ്രവാദത്തോട് ചേർത്തി പറയാറുള്ളൂ.. ഇസ്ലാമിക തീവ്രവാദം എന്ന term തന്നെ നിലനിൽക്കുമ്പോഴും ക്രിസ്ത്യൻ, ജൂത, ഹിന്ദു തീവ്രവാദം എന്നാരും പറയാറില്ല, പ്രയോഗിക്കാറില്ല. ഇതെന്തുകൊണ്ടാണ്? ഇതിനുപിന്നിൽ വല്ല ഒളിയജണ്ടകളും?

ഉത്തരം: ഇതിനു കാരണം പ്രധാനമായും രണ്ട് കാര്യങ്ങളാണെന്ന് തോന്നുന്നു. ഒന്നാമത്തേത് ഐ.എസ് ആക്രമണങ്ങൾ നടത്തുമ്പോൾ അത് വലിയ വാർത്തയായി അവതരിപ്പിക്കുകയും അതിനെ പ്രാജക്ട് ചെയ്ത് കാണിക്കുകയും ചെയ്യുമ്പോഴും മറ്റുള്ള ആക്രമങ്ങൾക്ക് അതേ പ്രാധാന്യവും ശ്രദ്ധയും നൽകുന്നില്ല എന്ന നിലപാട്. പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള മീഡിയകളുടെയും ന്യൂസ് എജൻസികളുടെയും താൽപര്യങ്ങളാണ് ഈ പൊതുബോധം ഇവിടെ രൂപപ്പെടുത്തിയത്. ആ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നത്.
രണ്ടാമത്തെ കാര്യം, മതവുമായി ഒരു ബന്ധവുമില്ലെങ്കിലും ഒരു മതത്തിന്റെ പേരിൽ സംഘടന രൂപീകരിച്ച് ക്രൂരതകൾ മാത്രം പ്രവർത്തിക്കുന്നതു വഴി സ്വാഭാവികമായി ജനമനസ്സുകളിൽ സൃഷ്ടിക്കപ്പെട്ട പൊതുബോധം. ഇവ രണ്ടും ഇതിനു കാരണങ്ങളായിട്ടുണ്ടാകും.

ചോദ്യം: കേരളത്തിൽ പോലും, മുഖ്യധാരാ മാധ്യമങ്ങളും ജനപ്രതിനിധികളും മന്ത്രിമാരുമടക്കം, തീവ്രവാദികൾക്ക് കൃത്യമായി പേരും മേൽവിലാസവും ഉണ്ടായിരിക്കെ തന്നെ അവരെ ആ അർത്ഥത്തിൽ അഭിസംബോധനം ചെയ്യുന്നതിനു പകരം ഇസ്ലാമിക തീവ്രവാദം എന്ന അപകടകരമായ/ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. R.S.S നെ ഹിന്ദു തീവ്രവാദമായി പരിചയപ്പെടുത്താത്ത ഒരു പൊതുബോധം ഇവിടെ നിലനിൽക്കുന്നുണ്ട് താനും. നമ്മുടെ നാട്ടിലുള്ള ഈയൊരു വിചിത്രമായ യാഥാർഥ്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: നേരത്തെ പറഞ്ഞതിന്റെ ഭാഗമായാണ് ഇതും വരുന്നത്. എങ്കിൽപോലും അസുത്രിതമായി അങ്ങനെ സ്യഷ്ടിക്കപ്പെടുന്ന ഫാസിസ്റ്റ് വലതുപക്ഷ മാധ്യമങ്ങളും ഇവിടെയുമുണ്ടെന്നത് മറന്നുകൂടാ. മുസ്ലീംവിരുദ്ധ പോതുബോധം സൃഷ്ടിക്കാൻ വേണ്ടി ബോധപൂർവ്വം ചെയ്യുന്ന വാർത്തകൾ വ്യാപകമാവുകയും, ആ വാർത്തകൾ കേൾക്കുന്ന, കണ്ണോടിക്കുന്ന ഒരാളിൽനിന്ന് അയാളറിയാതെ ഇത്തരം പരാമർശങ്ങൾ വരികയും ചെയ്യുക സ്വാഭാവികമാണ്. ഒരാൾ ബോധപൂർവ്വം അങ്ങനെ പറയാൻ ശ്രമിച്ചില്ലെങ്കിൽപോലും, അറിയാതെ അയാളെ കൊണ്ട് പറയിപ്പിക്കുന്ന, ബോധപൂർവ്വം ഇത്തരം കാര്യങ്ങളെ ക്രിയേറ്റ് ചെയ്യുന്ന മാധ്യമങ്ങളും ഇവിടെയുണ്ട്.

ചോദ്യം: മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവം മുസ്‌ലിംവിരുദ്ധ പൊതുബോധത്തിലധിഷ്ഠിതമായാണ് മാധ്യമ പ്രവർത്തനം നടത്തുന്നത്. പ്രധാന പത്രങ്ങളിലും ഓൺലൈൻ ന്യൂസുകളിലും അടിക്കടി വരുന്ന മുസ്ലിം വിരുദ്ധ വാർത്തകൾ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. വാർത്തകൾ കണ്ടെത്തലിൽ നിന്ന് വാർത്തകൾ സൃഷ്ടിക്കുക എന്ന തലത്തിലേക്ക്, ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നതിൽനിന്നും കോർപ്പറേറ്റ് മൂലധനത്തിന്റെ നെടുംതൂൺ എന്നതിലേക്ക് മുഖ്യധാരാമാധ്യമങ്ങൾ മാറുന്നതിന്റെ ഭാഗമായാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ഇസ്ലാമോഫോബിക് നീക്കങ്ങൾ. നിങ്ങൾ എങ്ങനെയാണ് ഇതിനെ കാണുന്നത്?

ഉത്തരം: മുഖ്യധാരാ മാധ്യമങ്ങളിൽ നിർഭാഗ്യവശാൽ ഒറ്റപ്പെട്ട സംഭവങ്ങൾ അറിയാതെ ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്. അത് അജ്ഞത കൊണ്ടും തിരുത്തപ്പെടാൻ ബാധ്യസ്ഥരായവരുടെ പ്രാധിനിധ്യക്കുറവുകൊണ്ടുമൊക്കെയാണ് സംഭവിക്കുന്നത്. ഒരു പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് എന്റെ മാധ്യമ സ്ഥാപനത്തിലെ കാര്യം ഞാൻ പറയാം. ഇസ്ലാമിന് അനുകൂലമായി അല്ലെങ്കിൽ മുസ്ലിംകൾക്കുവേണ്ടി ചെയ്യുന്ന ആയിരക്കണക്കിന് വാർത്തകൾ ഒരു വശത്തുണ്ടാവുമ്പോൾ തീർത്തും ഒറ്റപ്പെട്ട സംഭവങ്ങളാണ് മറുവശത്തുണ്ടാവുന്നത് എന്നോർക്കണം. ആയിരക്കണക്കിനന് വാർത്തകളെ ആരും കണക്കിലെടുക്കുന്നില്ല. ഇവിടെ പ്രധാനമായും സംഭവിക്കുന്നത്, അജ്ഞത മൂലമോ ആശ്രദ്ധമായോ വരുന്ന വാർത്തകളെ സ്വാഭാവികമെന്നോണം പ്രോജക്ട് ചെയ്യപ്പെടുന്നു എന്നതാണ്.
ഇനി നിങ്ങൾ പറഞ്ഞ പോലെ, കോർപ്പറേറ്റ് മൂലധനത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങൾ എന്നു വെച്ചാൽ പോലും, അതിനർത്ഥം പത്രം വലിയൊരു ഉൽപ്പന്നമാണ് എന്നാണ്, അതായത് വിറ്റഴിക്കാനുള്ള സാധനം. ഒരു ഉൽപ്പന്നം വിറ്റഴിക്കുമ്പോൾ ഉപഭോക്താവിനെ കുറ്റം പറഞ്ഞിട്ടാണോ, അല്ലെങ്കിൽ ഒരു സമൂഹത്തെ വെറുപ്പിച്ചിട്ടാണോ വിൽക്കുക!? അത് പറ്റില്ലല്ലോ.

ചോദ്യം: തീവ്രവാദ സംഘടനകളെ പൊളിച്ചെഴുതുന്ന, വായനക്കാർക്ക് കൂടുതൽ തീവ്രവാദത്തെയും ഭീകരവാദത്തെയും മനസ്സിലാക്കി കൊടുക്കുന്ന ഒരു പുസ്തകമാണ് ദാഇശ്. ഇത്തരം ഒരു പുസ്തകം എഴുതിയതിൽ നിങ്ങൾ ഭയക്കുന്നുണ്ടോ? (നോവലിലെ ഷക്കീലിനെ പോലുള്ള ഏജന്റുമാർ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്നൊരു യാഥാർഥ്യത്തിന് മേൽ)

ഉത്തരം: ലോകം മുഴുവൻ ഭീതിയോടെ കാണുന്ന ഒരു സംഗതിയെ പൊളിച്ചെഴുതുമ്പോൾ സ്വാഭാവികമായും നമ്മൾ ഭയപ്പെടണമല്ലോ. നോവലിൽ പറഞ്ഞ ഷക്കീലിനെ പോലെയുള്ള ഏജന്റുമാർ ഒറ്റപ്പെട്ട സംഭവങ്ങളാണ്. വളരെ വിരളമാണ് ഇത്തരം മാനസികാവസ്ഥയുള്ളവർ. ഇതിനെ കോമൺവൽക്കരിച്ചു കാണേണ്ടതില്ല.

ചോദ്യം: ദാഇശിനെ മുൻനിറുത്തി വായനക്കാരോട് നിങ്ങൾ എന്താണ് പറയുന്നത്?

ഉത്തരം: ഒരുപാട് മീഡിയകളിലൂടെ, സ്ഥിരമായി കാണുന്ന വാർത്തകളിലൂടെ, പരിചയിക്കുന്ന സാഹചര്യങ്ങളിലൂടെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയൊരു ശ്രമം ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമും ഇസ്‌ലാമിക് സ്റ്റേറ്റും തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് ഇത് വായിക്കുന്നവർക്ക് ബോധ്യമാകും. എന്താണ് ഐ.ഐസ്‌ എന്ന് തുറന്നുകാണിക്കുന്നതോടൊപ്പം എന്താണ് ഇസ്ലാം എന്നുകൂടി പറഞ്ഞു കൊടുക്കുകയാണ് നോവലിലൂടെ ചെയ്യുന്നത്. എല്ലാ തരത്തിലുള്ള ഫാസിസ്റ്റ് വൽക്കരണത്തിനുമെതിരെയുള്ള നോവലാണിതെന്ന് എല്ലാതരം വായനക്കാരും പറയുന്നു. ഇത്തരം നോവലുകൾ/എഴുത്തുകൾ പൊതു ഇടങ്ങളിൽ കൂടുതൽ എഴുതപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും വേണമെന്നാണ് എന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here