Service of India means Service of million who suffer
നെഹ്റുവിൽ നിന്ന് ഇന്ന് മോഡി യിലേക്കുള്ള ജനാധിപത്യ അന്തരത്തെ ചർച്ചയ്ക്കെടുക്കും മുമ്പ് മുകളിലുദ്ധരിച്ച വാചകത്തെ പറഞ്ഞു വെക്കേണ്ടതുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിട്ടാണ് ജവഹർലാൽനെഹ്റു അവരോധിക്കപ്പെട്ടത്. The first tragedy in independence India എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെ കാഞ്ചി വലിച്ചപ്പോൾ മലയാളത്തിലെ മുത്തശ്ശി പത്രം കേസരി വിശേഷിപ്പിച്ചത് ഇപ്രകാരമായിരുന്നു വെടിയുതിർത്തത് ഗാന്ധിയുടെ നെഞ്ചിലേക്ക് ആയിരുന്നില്ല നെഹ്റുവിന്റെ മാറിടത്തിലേക്കായിരുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി ശക്തമായി നിലകൊണ്ട നെഹ്‌റു രാജ്യം കണ്ട ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞനും രാഷ്ട്രമീമാംസകനായിരുന്നു.മൂന്ന് നൂറ്റാണ്ട് രാജ്യം ഭരിച്ച ബ്രിട്ടീഷ് ഭരണഘൂടത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ 40 കോടി ദരിദ്ര ജനങ്ങളുള്ള ഇന്ത്യയെയാണ് നെഹ്‌റുവിന്റെ കൈകളിൽ ഏല്പിക്കപ്പെടുന്നത്. 17 വർഷം നീണ്ട ശാസ്ത്രീയവും ആസൂത്രിതവുമായ ഭരണ സംവിധാനത്തിലൂടെ ദരിദ്ര അവികസിത രാജ്യത്തെ വികസ്വര രാജ്യമാക്കി നെഹ്‌റു പടിയിറങ്ങുന്നത്.ശീത സമരം കൊടുമ്പിരി കൊണ്ട സമയത്തും ഇരു പക്ഷത്തും ചേരാതെ രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന് പഠിപ്പിച്ചതും നെഹ്‌റുവിയൻ കാലത്തെ സുവർണ സ്മരണകളാണ്.

രാഷ്ട്ര നിർമാണ പക്രിയയിൽ മുഴുവൻ ഭാരതീയനും പങ്കുണ്ടെന്നു വാദിച്ച നെഹ്‌റു സമത്വമാർന്ന ജനാധിപത്യ സംവിധാനത്തിനാണ് പ്രാമുഖ്യം നൽകിയത്. രാജ്യത്തിന്റെ അഭിമാനമായ ക്രോനംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ തന്റെ പേര് നിർദേശിക്കപ്പെട്ടിട്ട് പോലും ദളിതയായ സ്ത്രീക്ക് വേണ്ടി അവസരം ഒഴിഞ്ഞു നൽകി ജനാധിപത്യത്തിന്റെ പ്രായോഗികത രീതിയെ നെഹ്‌റു ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടി. 15 അംഗ നെഹ്‌റു മന്ത്രിസഭയിൽ 6 പേര് കോൺഗ്രസ് വിരുദ്ധറായിരുന്നുവെന്നത്‌ രാഷ്ട്രപുരോഗതിയുടെ രാഷ്ട്രീയ നിലപാടിന്റെ സൂചകങ്ങളായി വേണം വിലയിരുത്താൻ. ഗോവധ നിരോധന ആവശ്യവുമായി പാർലിമെന്റിലെത്തിയ പട്ടേലിനെ നഖശിഖാന്തം എതിർക്കുകയും ബഹുസ്വര ഇന്ത്യക്ക് ചേർന്നതല്ല പട്ടേലിന്റെ പ്രമേയമെന്ന് പറഞ്ഞു തള്ളിക്കളഞ്ഞതും സ്വതന്ത്ര ഇന്ത്യയുടെ സുവർണ്ണ ഭൂതകാലമാണ്.പഞ്ച വത്സര പദ്ധതികളിലൂടെയും ആസൂത്രണ കമ്മീഷനുകളിലൂടെയും സാമ്പത്തിക രാഷ്ട്രീയ മേഖലകൾ നെഹ്‌റു ഭദ്രമാക്കി. Don’t spare me Shankar എന്ന് പ്രതിപക്ഷ നേതാവായിരുന്ന ശങ്കറിനോട് ഇടക്കിടെ നെഹ്‌റു ഓർമപ്പെടുത്തിയത് ജനാധിപത്യ സംസ്കാരത്തിൽ സംവാദാത്മക രാഷ്ട്രീയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത്ത് കൊണ്ടായിരുന്നു.

ദശകങ്ങൾക്കിപ്പുറം പതിനാറാമത് ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ്‌ രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കടന്നു വന്ന മോഡി ജനാധിപത്യത്തിന്റെ കശാപ്പുകാരനാവുകയാണ്. നെഹ്‌റു എത്രത്തോളം ജനാധിപത്യ വാദിയായിരുന്നോ അത്രത്തോളം ജനാധിപത്യ വിരുദ്ധനായിട്ടേ നമുക്ക് മോഡിയെ വായിക്കാനാകൂ. 2014 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യ ജനാധിപത്യത്തിലൂടെ ഏകാധിപത്യത്തെ തെരെഞ്ഞെടുത്തുവെന്ന് അരുന്ധതി റോയി അഭിപ്രായപ്പെടുകയുണ്ടായി. 2019 ലും ഈ ദുരന്തം ആവർത്തിക്കപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരിൽ നടമാടുന്ന വിളയാട്ടങ്ങൾക്കെതിരെയും സാംസ്കാരിക പ്രവർത്തകർക്കെതിരെ നടക്കുന്ന വർഗീയ ആക്രമണങ്ങൾക്കെതിരെയും മൗനമവലംഭിച്ചു കൊണ്ടിരിക്കുന്ന പ്രധാന മന്ത്രിയെയാണ് നാമിന്ന് കണ്ടു കൊണ്ടിരിക്കുന്നത്. 17 വർഷം കൊണ്ട് 18000 മൈലുകൾ രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ സഞ്ചരിച്ചു ഗ്രാമീണ ഇന്ത്യയുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ നെഹ്‌റുവിനോട് 5 വർഷം കൊണ്ട് 54 രാജ്യങ്ങൾ സന്ദർശിച്ചു കൊണ്ടാണ് മോഡി കണക്ക് തീർത്തത്. ഏറ്റവും വൃത്തികെട്ട ഭരണമാണ് ജനാധിപത്യമെന്ന വിൽസ്റ്റൺ ചർച്ചിലിന്റെ നിരീക്ഷണം അക്ഷരം പ്രതി ശരി വെക്കുകയാണ് മോഡി ഭരണകൂടം. മാധ്യമങ്ങൾക്കും തൂലികകൾക്കും കടിഞ്ഞാണിട്ട് രാജ്യത്തെ പരമോന്നത നീതിപീഠത്തെ പോലും ദാസ്യവേലക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നെഹ്‌റുവിന് കീഴിൽ അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ബൃഹത്തായ ഭരണഘടന നീക്കം ചെയ്ത്‌ തത്സ്ഥാനത് മനുസ്മൃതി പ്രതിഷ്ഠിക്കാനുള്ള തിരക്കിലാണ് ഫാസിസ്റ്റു ഭരണകൂടം. നമ്മുടെ മനുവിനെയപേക്ഷിച്ചു ഹിറ്റ്ലർ എത്രയോ പാവമാണെന്ന അയ്യപ്പപ്പണിക്കരുടെ വാക്കുകൾ നാമിവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന് മേലുള്ള കടന്നാക്രമണം എത്ര ശക്തി പ്രാപിച്ചാലും ഫാഷിസത്തിന് ഒരിക്കലും സമ്പൂർണ വിജയം സാധ്യമല്ലെന്ന ഇർഫാൻ ഹബീബിന്റെ വാക്കുകളിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here