ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പി
പുത്തൂപാടം
റജബെത്തി, ശഅബാൻ ഒരു കൈയ്യകലെയും.പുണ്യങ്ങളുടെ സൗരഭ്യ പൂക്കൾ വിടർത്തി കൊണ്ട് ഒരു വിശുദ്ധ റമളാൻ കൂടി നമ്മിലേക്ക് സമാഗതമാനിരിക്കുന്നു. ആരാധനകളുടെ പൂക്കാലമായ റമളാൻ മാസത്തെ ആത്മ ഹർഷത്തോടെയും ചൈതന്യത്തോടെയും വരവേൽക്കാൻ മുസ്ലിം ലോകം ഒരുക്കം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. യഥാർഥത്തിൽ നീണ്ട രണ്ട് മാസത്തെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യ റമളാനിനെ വിശ്വാസികൾ നിരന്തരം വിളിച്ച് വരുത്തുകയാണ്. നമ്മുടെ വീട്ടിൽ ഒരു വിശിഷ്ട അതിഥി വരുമ്പോൾ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാറുള്ള പോലെ തന്നെ, വിശുദ്ധ റമളാനിനെ വരവേൽക്കാനിരിക്കുന്ന ഈ സമയത്ത് നാം ചില മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് പുണ്യ റമളാനിനെ വിശ്വാസികൾ വരവേൽക്കുന്നത്, റജബിൽ നാം ഒരുക്കം ആരംഭിക്കണം, ശഅ്ബാനിൽ അതിനെ നട്ടുനനച്ച് റമളാനിൽ കൊയ്തെടുക്കുന്നതു വരെ നമ്മൾ ഇബാദത്തിൽ ജാഗരൂഗരാവണം
മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ മൂന്ന് വിധത്തിൽ നടത്താമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനം, രണ്ട് ശാരീരികമായ ഒരുക്കം, മൂന്ന് കര്‍മപരമായ മുന്നൊരുക്കം. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമളാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്.
വളരെ പ്രധാനപ്പെട്ടത് മാനസികമായ തീരുമാനങ്ങളാണ് . ഇത്തവണത്തെ റമളാന്‍ എങ്ങനെയാവണം, എവിടെയാകണം എന്ന് ഓരോ വിശ്വാസിയും നേരത്തെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിര്‍വഹിച്ചും ആള്‍ക്കൂട്ടത്തിനനുസരിച്ച് ആരാധനകളില്‍ പങ്ക് ചേർന്നുമുള്ള വഴിപാട് പരിപാടികള്‍ക്ക് പകരം റജബ് മാസം മുതല്‍ നന്നായി മുന്നൊരുക്കം നടത്തി റമളാനിനെ വരവേല്‍ക്കാന്‍ കഴിഞ്ഞാല്‍ റമളാൻ മാസത്തെ കർമ്മങ്ങൾ കൊണ്ട് അലങ്കരിക്കാം. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമളാന്‍ ഭാരമായി അനുഭവപ്പെടുന്നത്.
റമളാനില്‍ കര്‍മരംഗത്ത് സജീവമാകണമെന്ന് നേരത്തെ തീരുമാനമെടുക്കുകയും അതിനനുസരിച്ച് നമ്മുടെ ജോലിയെയും ജീവിതത്തെയും ക്രമീകരിക്കുകയും വേണം. ദുര്‍ബലമായ അഭിപ്രായങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ശക്തമായ തീരുമാനങ്ങള്‍ക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാന്‍ കഴിയും.
അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ എന്ന മസ്ജിദിലെ ഇമാമിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുക മാത്രമായി നമ്മുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചുരുങ്ങിപ്പോവുന്നു.
മാനസികമായ മുന്നൊരുക്കത്തിലൂടെ റമളാനില്‍ എന്തൊക്കെ ,എത്രയൊക്കെ ചെയ്യണമെന്ന് ഉറച്ച നിലപാടിലെത്താന്‍ വിശ്വാസിക്ക് കഴിയുന്നതാണ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസില്‍ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാന്‍ കരുതിയാല്‍ തന്നെ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു തിരുവചനം കാണാം: ഇദാ ജാഅ ശഅ്ബാനു ഫത്വഹ്ഹിറൂ ഖുലൂബക്കും വഅഹ്‌സിനൂ നിയ്യതകും – ശഅബാന്‍ സമാഗതമായാല്‍ നിങ്ങള്‍ ഹൃദയം ശുദ്ധിയാക്കുകയും നിയ്യത്ത് നന്നാക്കുകയും ചെയ്യണം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിന്റെ മുന്നൊരുക്കത്തിനുള്ള പ്രേരണയാണിത്.
രണ്ടാമത്തേത്,ശാരീരികമായ മുന്നൊരുക്കമാണ് . പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനുമുതകുന്ന വിധത്തിൽ പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും കുറച്ച് ദിനങ്ങൾ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം മുഴുവൻ പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു.
വിശപ്പും ദാഹവും സഹിക്കാനും പട്ടണിപ്പാവങ്ങളുടെ പ്രയാസങ്ങളറിയാനും നോമ്പിന്റെ പരമമായ ലക്ഷ്യം നേടിയെടുക്കാനും സത്യവിശ്വാസിക്ക് സാധ്യമാകുന്നു. ശാരീരിക മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ള സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും റമളാന്‍ നോമ്പനുഷ്ഠിക്കാന്‍ പരിശീലനം നേടുന്നു.
തിരുനബി(സ്വ) റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു.
റമളാന്‍ പ്രമാണിച്ച് ‘നനച്ചുകുളി’ എന്ന പേരില്‍, നമ്മള്‍ ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളും കഴുകി വൃത്തിയാക്കുന്ന സമ്പ്രദായം പഴയകാലം മുതല്‍ നമ്മുടെ നാട്ടിൽ നിലനില്‍ക്കുന്നതും ഇന്നും തുടര്‍ന്നു വരുന്നതുമാണ്. റമളാനിനോടടുത്ത സമയത്താണ് നനച്ചുകുളി സംഘടിപ്പിക്കാറുള്ളത്. നോമ്പിന്റെ മുന്നോടിയായി വീടും പള്ളിയും മദ്രസകളുമെല്ലാം ക്ലീന്‍ ചെയ്യുന്നതും പെയിന്റിംഗ് നടത്തുന്നതും സാര്‍വ്വത്രികമാണ്. വിശുദ്ധ റമളാനിനോടുള്ള ആദര സൂചകമായാണ് ഇത്തരം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്.
പുണ്യങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസമാണ് റമളാൻ.പ്രമുഖ സ്വഹാബിവര്യൻ സൽമാനുൽ ഫാരിസ് ( റ)നിന്നുള്ള നിവേദനം” ഒരു ശഅബാൻ മാസത്തിന്റെ അവസാനം നബി(സാ) തങ്ങൾ പറഞ്ഞു; ജനങ്ങളെ നിങ്ങൾക്കിതാ മഹത്തായ മാസം സമാഗതമായിരിക്കുന്നു, പുണ്യമേറിയ മാസമാണിത്, ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രി ആ മാസത്തിലുണ്ട്, അതിൽ നോമ്പനുഷ്ഠിക്കാൻ അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്ന ,അതിന്റെ രാവുകളിൽ നിസ്കരിക്കൽ സുന്നത്തുമാണ്, റമസാനിൽ സുന്നത്തായ അമലുകൾക്ക് ഫർളിന്റെ കൂലിയും ഫർളായ അമലിന് 70 ഫർളിന്റെ കൂലിയും ലഭിക്കുന്നതാണ്.”
മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ് . ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാ നിരതനാകുന്ന സന്ദര്‍ഭമാണ് റമളാന്‍. നോമ്പും നിസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്‍ക്കാരവും അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങളുടെ പൂക്കാലം. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആശ്വാസകരമാകും.
പുണ്യമാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും പാപമോചനം നടത്താനും കടങ്ങളും ബാധ്യതകളും വീട്ടിത്തീര്‍ക്കാനും പ്രവാചകര്‍(സ്വ) കല്‍പിക്കുമായിരുന്നു. പിണങ്ങിക്കഴിയുന്നവരെ ഇണക്കാനും കലഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും പരസ്പര വിട്ടുവീഴ്ചയോടെ ജീവിക്കാനും സ്വഹാബികളെ ഉപദേശിക്കുമായിരുന്നു.
ഭക്ഷണങ്ങൾ ക്രമീകരിച്ചും റമളാനിന് വേണ്ടി ഒരുങ്ങേണ്ടതുണ്ട്.നോമ്പുതുറ മുതല്‍ അത്താഴം വരെയുള്ള ഭക്ഷണ മാമാങ്കം ഒഴിവാക്കാനും പരിശീലനം ആവശ്യമാണ്. അതും റജബിലും ശഅബാനിലും നേടിയെടുക്കേണ്ടതാണ്.റമളാനിനെ നല്ല നിലക്ക് വരവേൽക്കാനും യാത്രയാക്കാനും നാഥൻ തൗഫീഖ് നൽകട്ടെ…














