സൽമാൻ പട്ടർക്കുളം
രാഷ്ട്ര പുരോഗതിയുടെ അത്യാവശ്യമായ ഘടകമാണ് വിദ്യാസമ്പന്നരായ യുവ സമൂഹം. ഊർജസ്വലരായ യുവസമൂഹം വിദ്യയാർജിച്ചവർ കൂടിയാവുക എന്നത് ഒരു രാജ്യത്തിന്റെ മേന്മയുടെയും പ്രസക്തിയുടെയും പ്രബുദ്ധതയുടെയും അടയാളമാണെന്ന് നിസ്സംശയം പറയാം. നന്മ തിന്മകളെ തിരിച്ചറിയാനും രാഷ്ട്രപുരോഗതിയുടെ നിർമിതികളിൽ ഇടപെടാനും കഴിവുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. വിജ്ഞാനമുള്ള വ്യക്തികളുണ്ടാവുമ്പോൾ നല്ല കുടുംബങ്ങളും നല്ല സമൂഹങ്ങളും അതിലൂടെ മികച്ച രാഷ്ട്രവുമുണ്ടാകും. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ചാലകമായി വർത്തിക്കുന്നത് വിദ്യാഭ്യാസത്തിനോടൊപ്പം സാമൂഹ്യബോധവും കൂടിയുള്ള മനുഷ്യവിഭവശേഷിയാണ്. സമീപ കാലത്തായി ഇത്തരം വിവേകത്തോടെ ഇടപെടുന്ന യുവതയുടെയും വിദ്യാർത്ഥികളുടെയും അഭാവം നിഴലിക്കുന്നതായി കാണുന്നുണ്ട്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് വിലങ്ങായി അപകടകരമാവും വിധം രൂപപ്പെടുന്നതായും കാണപ്പെടുന്നു.
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന അരാഷ്ട്രീയത പുതിയ ട്രെൻഡായി മാറുന്ന ദുരവസ്ഥയാണ് നമ്മെ തുറിച്ചു നോക്കുന്നത്.വിദ്യ എന്നത് വെറുമൊരു ആഭാസമായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അടിച്ചു പൊളിക്കുന്ന ക്യാമ്പസ് ജീവിതങ്ങളിൽ ആഘോഷങ്ങളും ആഹ്ലാദങ്ങളും മാത്രം നെഞ്ചിലേറ്റുന്ന യുവത രൂപപ്പെടുന്നു. പച്ച മനുഷ്യന്റെ ഗന്ധമറിയാൻ പോലും താല്പര്യപ്പെടാത്ത ഗ്രേഡ് ഓറിയന്റഡ് വിദ്യാഭ്യാസം മാത്രം മിച്ചമായ സമൂഹം. സ്റ്റാറുകളിലേക്കും സെലിബ്രിറ്റികളിലേക്കും ചുരുങ്ങിയ പൊതു ലോക വീക്ഷണം യുവതയെ നിഷ്ക്രിയരാക്കുന്നു എന്ന് വേണം കരുതാൻ.
സമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്ന ചുറ്റും നടക്കുന്ന കാര്യങ്ങൾ തങ്ങളെ കൂടി ബാധിക്കുമെന്ന വിശ്വപൗരബോധം, രാഷ്ട്രീയ- സാമൂഹിക കെട്ടുറപ്പിലും സമത്വത്തിലുമുള്ള വിശ്വാസം തുടങ്ങിയവ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.പക്ഷേ ന്യൂ ജൻ തഗ് ലൈഫുകൾക്കിടയിൽ നഷ്ടപ്പെട്ടതിൽ മുഖ്യവും ഇത്തരം മൂല്യവും മൂല്യവിചാരങ്ങളുമായിരുന്നു.
നമ്മുടെ കലാലയങ്ങൾ സമൂഹ സ്പന്ദനങ്ങളുടെ വേദിയായിരുന്നു. വ്യത്യസ്ത ചിന്താധാരകളുടെ സംവാദ കേന്ദ്രങ്ങളായിരുന്നു . സാംസ്കാരികാധിനിവേശം അരാഷ്ട്രീയ പ്രവണതകളാൽ കാമ്പസുകളിൽ ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് സമീപ കാല ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. കോവിഡ് മൂലം യുവാക്കളും വിദ്യാർത്ഥികളും സാമൂഹ്യമാധ്യമങ്ങളിലേക്ക് മാത്രം ചുരുങ്ങിയതിന്റെ അടയാളമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന യൂട്യൂബ് ബ്ലോഗർമാരായ രണ്ട് യുവാക്കളോടുള്ള അന്ധമായ ആരാധന നിമിത്തം കേരളം കത്തിക്കാനിറങ്ങിയ പുതുതലമുറ. ജനശ്രദ്ധപിടിച്ചുപറ്റാൻ കേരളീയ സമൂഹത്തിന് മാതൃകയാകേണ്ട ബ്ലോഗർമാരായ ഇവർ, നിയമത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങൾ ചെയ്തു എന്നതിലുപരി അതിനെ ചോദ്യം ചെയ്യാനും പാടില്ല എന്ന രീതിയിലേക്ക് രംഗം കൊഴുപ്പിച്ചതും നമ്മൾ കണ്ടതാണ്. കാലങ്ങളായി നിലനിന്നിരുന്ന വിദ്യാർത്ഥികൾക്കിടയിലെ അവബോധവും പൗരബോധവും അരാഷ്ട്രീയതക്കടിയിൽ പെട്ട് വീർപ്പുമുട്ടി മരിച്ചത് പോലെയുണ്ട്. ഏതോ രണ്ടാളുകൾ ക്കു വേണ്ടി സ്വന്തം ജീവൻ കളയാൻ വരെ തയ്യാറാകുന്ന ഒരു വിദ്യാർത്ഥി സമൂഹം സാക്ഷര കേരളത്തിലുണ്ടെന്ന് പറയുന്നത് ലജ്ജാവഹം തന്നെയാണ്. സെൽഫോണുകൾക്ക് മുന്നിൽ തല കുമ്പിട്ടു തങ്ങൾക്കു ചുറ്റും നടക്കുന്ന ഒന്നിനെയും കുറിച്ച് ബോധവാന്മാരാകാതെ വിരൽകൊണ്ട് നിഴൽ യുദ്ധം നടത്തുന്നവർ മാത്രമായി വിദ്യാർത്ഥിസമൂഹം മാറിക്കൊണ്ടിരിക്കുന്നു.
ഈയടുത്ത് ഒരു ചാനൽ ചർച്ച നടത്തിയ അവതാരകയെ നിരന്തരമായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് സാക്ഷര കേരളത്തിലെ വിദ്യാർത്ഥികളായിരുന്നു. എന്തിനാണ് നിങ്ങൾ ഇങ്ങനെ അദ്ദേഹത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് അന്വേഷിച്ചപ്പോൾ ആ കൂട്ടത്തിലെ ഭൂരിഭാഗം വരുന്ന കുട്ടികളുടെയും മറുപടി ഇതായിരുന്നു: ”ഇന്നാൽ ഇന്ന ന്യൂസ് അവതാരകയെ വിളിച്ച് തെറി പറയണം എന്ന് ഒരു വാട്സ്ആപ്പ് സന്ദേശം വന്നിരുന്നു അതിന്റെ പേരിലാണ് ഞങ്ങൾ അവരെ ഭീഷണിപ്പെടുത്തിയത്” ഇതായിരുന്നു മറുപടി. ആരാണെന്നോ എന്തിനാണെന്നോ എന്ന് ഞങ്ങൾക്കറിയില്ലന്ന് കൂടി വിദ്യാർത്ഥികൾ പറയുമ്പോൾ രാഷ്ട്രീയ അപചയം സംഭവിച്ച വിദ്യാർത്ഥി സമൂഹത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണത്.
ബാർബർ ഷോപ്പുകളിലും ചായക്കടകളിലും കലുങ്കുകളും ഒക്കെയിരുന്ന് ചൂടൻ ചർച്ചകൾ നടത്തിയിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഏതാണ്ട് ഇരുപത് വർഷങ്ങൾക്കു മുമ്പ് വരെ നമ്മുടെ നാട്ടിൻപുറങ്ങളിലെ ഗ്രാമീണ വായനശാലകളിലും ബസ് സ്റ്റോപ്പുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്ന വിഷയങ്ങളിൽ കേരള രാഷ്ട്രീയം മുതൽ കിഴക്കൻ യൂറോപ്പിലെ ആഭ്യന്തര വിഷയങ്ങൾ വരെ ഉൾപ്പെട്ടിരുന്നു. മുഴുവൻസമയ വാർത്താചാനലുകളും ഇന്റർനെറ്റ് സോഷ്യൽ മീഡിയകളും എന്തിനധികം TV പോലുമില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു നമ്മുടെ നാട്ടിൽ അനിതരസാധാരണമായ രാഷ്ട്രീയബോധം നിലനിന്നിരുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ വിളനിലങ്ങളായ കലാലയങ്ങൾ തന്നെ രണഭൂമികളെപ്പോലെയായതോടെയാണ് ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പുരോഗമന പ്രവർത്തനങ്ങളിൽ നിന്നും പിന്മാറേണ്ടി വന്നത്. രാഷ്ട്രീയ പാർട്ടികൾക്കും യുവാക്കളെ അരാഷ്ട്രീയവത്കരിച്ചതിൽ നിസ്സംശയം പങ്കുണ്ടെന്ന് പറയാം. അക്രമ രാഷ്ട്രീയത്തിനപ്പുറം പുരോഗമന രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ ഇനിയും സഞ്ചരിക്കെണ്ടതുണ്ട്. അതില്ലാത്തത് മൂലം തഴച്ചു വളരുന്ന കോർപ്പറേറ്റ് സംസ്കാരം സൃഷ്ടിച്ച മൂല്യത്തകർച്ച മുതലെടുത്ത് വളർന്നുവന്നത് വർഗീയ പ്രസ്ഥാനങ്ങളും മയക്കുമരുന്ന് പെൺവാണിഭം മാഫിയകളും ഗുണ്ടാസംഘങ്ങളും ഫാൻസ് അസോസിയേഷനുകളും മാത്രമാണ്. പൂന്താനം പറയുന്നതായി കാണാം: വിദ്യ കൊണ്ട് അറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നു ചിലർ. പൂന്താനത്തിന്റെ നിരീക്ഷണം എത്രത്തോളം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈയിടയായി വിദ്യാർത്ഥികൾക്കിടയിൽ നടന്ന സംഭവങ്ങളുടെ വസ്തുത. സാക്ഷരകേരളത്തിൽ പോലും ആ പദത്തിന് നിരക്കാത്ത ജീർണ്ണതകൾ അരങ്ങേറുന്നതതിന്റെ കാരണമായ അരാഷ്ട്രീയത തീർത്തും ജനാധിപത്യ വിരുദ്ധമാണ്.














