സ്വാലിഹ് പകര

ജിഹാദ് എന്ന പദം സമൂഹത്തിൽ വിവിധ രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്വതവുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ജിഹാദുമായി എങ്ങനെയെങ്കിലും സമൂഹം ബന്ധപ്പെടുത്തിയിരിക്കും. അതിനാൽ ഇസ്ലാമിനെതിരിൽ നിരവധി ആരോപണങ്ങൾ ജിഹാദുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം ജിഹാദ് കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് …. ഇസ്ലാമിലെ ജിഹാദ് കേവലം ആരോപകർ ഉന്നയിക്കും വിധത്തിൽ ഉള്ളതാണോ ?….

നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കാലം മുതൽ ഇസ്ലാമികമായ ജീവിത കർമ്മ പ്രത്യയശാസ്ത്രത്തെ എതിർക്കുകയും പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും അവിടുത്തെ അനുയായികളെയും നിരന്തരം ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തപ്പോൾ അവരെ പ്രതിരോധിക്കാൻ വേണ്ടിയിട്ടാണ് ജിഹാദ് രൂപപ്പെട്ടത്.പക്ഷേ ജിഹാദ് എന്നത് യുദ്ധസമാനമായ സായുധ പോരാട്ടത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നില്ല. പകരം ഇസ്ലാമിക വിമർശനങ്ങളോട് ഏതുവിധേനെയും പ്രതിരോധം തീർക്കുന്നതിനെ ഉൾക്കൊള്ളുന്നതാണ് ജിഹാദ്. തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മദീനയിലെത്തി രണ്ടു വർഷം പിന്നിടുമ്പോഴാണ് ആദ്യമായി പ്രതിരോധം എന്ന നിലയിൽ അനിവാര്യമായ യുദ്ധമുണ്ടാകുന്നത്. അതിനുശേഷമാണ് ജിഹാദ് എന്ന പദം യുദ്ധമെന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്. പക്ഷേ പുതിയ കാലത്ത് ഈ അർഥത്തെ മാത്രം ജ്വലിപ്പിക്കും വിധത്തിൽ ഇസ്ലാമിക വിമർശകർ ജിഹാദിനെ പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. നാം തൂലികയിലൂടെയും വാഗ്വാദങ്ങളിലൂടെയും ഇത്തരം പ്രതിരോധം അനുവർത്തിക്കുമ്പോൾ അതും ജിഹാദാണ്. ഒരിക്കൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളും അനുയായികളും തബൂക്ക് യുദ്ധാനന്തരം മടങ്ങവേ അവിടുന്ന് പറയുകയുണ്ടായി; നാം ഏറ്റവും ചെറിയ ജിഹാദിൽ വിജയം കൈവരിച്ച് വലിയ ജിഹാദിലേക്കാണ് പോകുന്നത്. അപ്പോൾ അവിടുത്തെ അനുചരിൽ നിന്ന് ചോദ്യമുയർന്നു; ഏതാണ് ആ വലിയ ജിഹാദ്?… അപ്പോൾ അവിടുന്ന് മൊഴിഞ്ഞു സ്വശരീരത്തോടുള്ള ജിഹാദാണ് ഏറ്റവും വലിയ ജിഹാദ്. അപ്പോൾ സ്വന്തം ശരീരം തിന്മകളിലേക്ക് വഴുതി വീഴുമ്പോൾ അതിനെ തിന്മകളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയിട്ടുള്ള പ്രതിരോധമാണ് ഉന്നതമായ ജിഹാദ്. ജീവിതത്തിലുടനീളം നാം ജിഹാദിയാവണം. സദാചാര അനാചാര തിന്മകളോട് നാം നിരന്തരം ജിഹാദ് ചെയ്യേണ്ടതുണ്ട്. പുതിയ കാലത്തു സദാചാരമായി കൊണ്ടിരിക്കുന്ന പല തിന്മകളും അതിൽ നാമറിയാതെ സമരസപ്പെട്ടു പോകും അവയെ നമ്മുടെ ചുറ്റുപാടിൽ നിന്ന് അകറ്റിയേ മതിയാകൂ. ഒരു കയ്യില് ഖുർആനും മറുകയ്യിൽ വാളും പിടിച്ച് മുസ്ലിംകൾ നടത്തുന്ന മതപ്രചാരണമാണ് ജിഹാദ് എന്നിത്യാദി പ്രയോഗങ്ങളാണ് മുസ്‌ലിമേതര ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇസ്ലാമിക പ്രമാണങ്ങളിൽ ഇത്തരത്തിലുള്ള ഒരു നിർവചനം എവിടെയും കാണുക സാധ്യമല്ല. ഇന്നുള്ള മുസ്ലിംങ്ങളിൽ ബഹുഭൂരിപക്ഷവും കർമ്മത്തിൽ നാലാലൊരു മദ്ഹബ് സ്വീകരിക്കുന്നവരാണ്. അതിൽ ഏതൊരു മദ്ഹബ് അനുസരിച്ചും ഇത്തരത്തിലുള്ളൊരു പ്രയോഗം കാണുക സാധ്യമല്ല. ന്യൂനാൽ ന്യൂനപക്ഷമായ അവാന്തരവിഭാഗങ്ങളാണ് ജിഹാദിന് ഇത്തരമൊരു പരിവേഷം നൽകിയത്. അനേകം യുദ്ധങ്ങൾ ഇസ്ലാമിൽ നടന്നിട്ടുണ്ടെങ്കിലും അതൊന്നും മതപ്രചാരണത്തിന് വേണ്ടിയായിരുന്നില്ല. മതത്തെ സംരക്ഷിക്കുക എന്ന നിലയിലുള്ള പ്രതിരോധമായിട്ടായിരുന്നു. സായുധ വിപ്ലവാനന്തരം ഇറാനിൽ ഭരണത്തിലേറിയ ശീഇസവും, പുതിയകാല ഇറാനിയൻ ഭരണക്രമവും സിറിയയിലെ ഭരണവർഗ ശീഇ ചർച്ചകളും അറബ് ലോകത്ത് പുതിയ കാലത്തെ ജിഹാദി ചിന്തകൾ വളർത്തുന്നു എന്ന് പറയാതെ വയ്യ. ഇസ്ലാമിനെ ആധുനികവൽക്കരിച്ച നവോത്ഥാനികൾ എന്ന് സമകാലികർ പരിചയപ്പെടുത്തുന്ന സയ്യിദ് ഖുതുബ്, അബുൽ അഅ്ലാ മൗദൂദി തുടങ്ങിയവരുടെ രചനകൾ ഇത്തരം അബദ്ധധാരണകൾ സമൂഹത്തിൽ വ്യാപിക്കാൻ ഊടും പാവും നൽകിയിട്ടുണ്ട്. അപകടകരാം വിധം സമൂഹത്തിൽ വ്യാപിച്ച ഇത്തരം ധാരണകളെ സത്യമാണെന്ന് ധരിക്കുന്നതിന് ശക്തി നൽകുന്ന വികലമായ ഫത്‌വകൾ അവാന്തരവിഭാഗങ്ങളിൽ നിന്ന് നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്നു. അതിൻറെ പരിണിതഫലമാണ് സമകാലിക കേരളത്തിൽ വേരോടുന്ന ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വകഭേദങ്ങൾ. സത്യമെന്തെന്നാൽ യഥാർത്ഥ ജിഹാദുമായി ഇതിന് യാതൊരു ബന്ധം പോലുമില്ല. ഇസ്ലാമിക പ്രബോധനം പ്രണയത്തിലൂടെയോ വിവാഹത്തിലൂടെയോ അല്ല. അതൊരിക്കലും സാധ്യമാവുകയും ഇല്ല. നിർബന്ധിത മതപരിവർത്തനം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അങ്ങനെ വല്ലവനും ഇസ്ലാമിലേക്ക് അംഗമായിട്ടുണ്ടെങ്കിൽ യഥാർത്ഥത്തിൽ അവൻ ഇസ്ലാമിലെ അംഗമായിട്ടുമില്ല. സൗമ്യമായിട്ടാണ് ഇസ്‌ലാം എവിടെയും ഇടപെടുന്നത്. ലക്ഷത്തിൽപരം അമ്പിയാ മുർസലുകൾ ലോകത്ത് ഇസ്‌ലാം പ്രബോധനം ചെയ്തിട്ടുണ്ടെങ്കിലും അവരൊരിക്കലും ബലപ്രയോഗത്തിലൂടെ ആരെയും ഇസ്ലാമിലേക്ക് ചേർത്തിയിട്ടില്ല. സൗമ്യമായി സദാപുഞ്ചിരിച്ചുകൊണ്ട് പ്രതിയോഗ മർദ്ദനങ്ങളെ സഹിച്ചുക്ഷമിച്ചുകൊണ്ടുമാത്രമാണ് അവർ പ്രബോധനം ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here