✍️ അനസ് കൊടക്കല്ല്


പ്രണയം ഒരു അനുഭൂതിയാണ് അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങൾ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകൾ ഭേദിച്ച് നിലയ്ക്കാതെ പെയ്ത് കൊണ്ടിരിക്കുമ്പോൾ ഹൃദയം നേർമ്മയുള്ളതാകും.കണ്ണുകൾ നിറഞ്ഞൊഴുകും ,ശരീരത്തെ കീഴടക്കും, വാക്കിൽ നോക്കിലും ആ പ്രണയ തീവ്രത വർധിത വീര്യത്തിൽ നിറഞ്ഞുനിൽക്കും. മനുഷ്യനെ ആനന്ദ ലോകത്തേക്കും ചിലപ്പോൾ വിഷാദ രോഗത്തിലേക്കും പ്രണയം കൊണ്ടത്തിക്കാറുണ്ട്. എന്നാൽ പ്രണയം സമ്പൂർണ്ണവും സമ്പന്നവും ആവണമെങ്കിൽ അല്ലാഹു പ്രണയിച്ചവരെ പ്രണയിക്കണം. അവർക്ക് ജീവിതം മധുരാനുഭവമായിരിക്കുമെന്ന് തീർച്ച.
പ്രണയം നബി സല്ലല്ലാഹു അലൈഹിവസല്ലമ യോടാവുകയും തിരുനബി യഥാർത്ഥ പ്രേമഭാജനമായി മനസ്സിൽ നിറയുകയും ചെയ്യുന്നവർക്ക് ജീവിതം ഏറെ സന്തോഷദായകമായ അനുഭവമായിത്തീരുന്നതാണ്. കാരണം നമ്മുടെ ഉണ്മക്ക് തന്നെ നിധാനം തിരുനബി (സ്വ)യാണ്.അതാണ് തിരുനബി (സ്വ)യോട് നമുക്ക് പ്രണയം ഉണ്ടാവണമെന്നതിൻ്റെ അടിസ്ഥാനനവും.
സർവ്വ ലോകർക്കും കാരുണ്യമായി അവതരിച്ച തിരുനബി പ്രതിസന്ധികളിൽ മുഴുവനും കാവലായും അത്യാഹിതങ്ങളിൽ കരുതലായും ആപൽഘട്ടങ്ങളിൽ ആലംബമായും രോഗമേളകളിൽ ആശ്വാസമായും അനുഭവപ്പെടുന്നു. ജീവിതകാലത്തും ശേഷവും ഈ അനുഭവങ്ങൾ മാറ്റമൊന്നുമില്ല തുടർന്നുകൊണ്ടേയിരിക്കുന്നു. അബ്ദുല്ലാഹിബിനു ഉമർ (റ)ൻ്റെ കാലിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഇബ്നു സഅദ് (റ) പറഞ്ഞു: ജനങ്ങളിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയെ നിങ്ങൾ വിളിക്കുക ഇബ്നു ഉമർ തങ്ങൾ യാ മുഹമ്മദ് എന്ന് വിളിച്ചു തൽഫലം പ്രയാസമില്ലാതയായി. ചരിത്രത്തിൽ തിരുചര്യാനുദാവകൻ (മുത്തബിഉസ്സുന്ന) എന്ന് അറിയപ്പെടുന്ന അബ്ദുല്ലാ ( റ ), തിരുനബി (സ്വ)യുടെ ആശിഖായിരുന്നു എന്നത് സത്യമാണ്. പ്രണയം പൂത്തുലയുമ്പോൾ പ്രേമഭാജനത്തെ കുറിച്ചുള്ള ചിന്തയിൽ മാത്രമായി മുഴുകുന്ന ആശിഖ് നിരന്തരം തൻ്റെ മഅശുഖിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. മാലിക് ബ്നു ദീനാർ (റ) പറയുന്നു: നിരന്തരം അല്ലാഹുവിന് ഓർക്കുന്നത് അവനോടുള്ള സമ്പൂർണ്ണ പ്രണയത്തിൻറെ അടയാളമാണ്. കാരണം ആശിഖ് മഅശൂഖിൻ്റെ ഓർമകൾ വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും.
ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ) ഇമാം ശാഫി (റ) വലിയ പ്രേമത്തിലായിരുന്നു. അഹ്മദ് ബ്നു ഹമ്പൽ രോഗിയായെന്നറിഞ്ഞപ്പോൾ ശാഫി (റ) സന്ദർശിച്ചു. തിരിച്ചെത്തിയ ശാഫി (റ)വും രോഗിയായി. രോഗം ഭേദമായ ഹമ്പൽ (റ) ശാഫി (റ)നെ സന്ദർശിച്ചു. ഇതേ കുറിച്ച് ഇമാം ശാഫി (റ) പാടിയത് ഇങ്ങനെയാണ് ഹബീബിന് രോഗം വന്നപ്പോൾ ഞാൻ സന്ദർശിക്കുകയും ആ വേദനയിൽ രോഗിയാവുകയുമുണ്ടായി. ഹബീബിൻ്റെ രോഗം ഭേദമായപ്പോൾ എന്നെ സന്ദർശിച്ചു.ഹബീബിനെ കണ്ടതോടെ എൻ്റെ രോഗം യും ആവുകയും ചെയ്തു.” രോഗതുരമായ ശരീരത്തിനും ആത്മാവിനും പ്രേമഭാജനത്തെ ദർശിക്കുന്നതും പ്രകീർത്തിക്കുന്നതും രോഗം ഭേദമാകാനും കൂടുതൽ ഊർജ്ജം ലഭിക്കുവാനുമുള്ള കാരണമാണ്.
ഖസ്വീദത്തുൽബുർദ്ദയും മൻഖൂസ് മൗലൂദും.
പ്രണയമാനദണ്ഡങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം തിരു നബി (സ) മാത്രമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ പ്രണയകാവ്യങ്ങൾ വിരചിതമായതും ഹബീബിനെ കുറിച്ച് തന്നെ. പ്രണയഗീതങ്ങളിൽ വിശ്വപ്രസിദ്ധമാണ് ഖസീദത്തുൽ ബുർദ്ദ. വ്യത്യസ്ത ലോകഭാഷകളിൽ മറ്റും ഈ കാവ്യ സമാഹാരത്തിന് വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് എന്നതും, ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി സദസ്സുകളിൽ ഈ കാവ്യം ആലപിക്കപ്പെടുന്നുണ്ട് എന്നതും ഇതിൻ്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്.
ബുസ്വീരിഎന്നറിയപ്പെടുന്ന അബൂഅബ്ദുല്ലാഹി ഷറഫുദ്ദീൻ മുഹമ്മദ് ബ്നു സഈദി ബ്നു ഹമ്മാദി സ്വൻഹാജി ഹിജ്റ 608ൽ ജനിച്ച 696 ലാണ് വഫാത്തായത്. വടക്കൻ ആഫ്രിക്കയിലെ ആമസാഗിയ്യ ഗോത്രത്തിലെ സ്വൻഹാജ് ഉപ ഗോത്രത്തിലേക്ക് എത്തുന്ന കുടുംബ വേരുകളിൽ ജനിച്ചു വളർന്ന അദ്ദേഹം, ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്വമാക്കുകയും തിരുനബി (സ) യുടെ ചരിത്രങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു. നിരവധി കാവ്യസമാഹാരങ്ങൾ തിരുനബി (സ) കുറിച്ച് രചിച്ചെങ്കിലും “അൽ കൗകബുദ്ദുരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ’ എന്ന ഖസ്വീദത്തുൽ ബുർദ്ദയാണ് ഏറെ ജനശ്രദ്ധ നേടിയത്. പക്ഷാഘാതം പിടിപ്പെട്ട് കഴിയവെ ശമനോദ്ദേശ്യത്തോടെ ബുസ്വൂരി (റ) തിരുനബിയെ കുറിച്ച് കവിതകൾ രചിക്കുകയും ആ കവിതകൾ പാടി ശമനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ഒരു ദിവസം ഉറക്കത്തിൽ നബി (സ്വ) വന്ന് തിരു കരം കൊണ്ട് ശരീരത്തിൽ സ്പർശിക്കുകയും ഒരു പുതപ്പു ധരിപ്പിക്കുകയും അതുവഴി രോഗമുക്തനായി പ്രഭാതത്തിൽ വി ചെയ്തു. രോഗമുക്തനായി നടക്കുന്നത് കണ്ട് ഒരു വ്യക്തി താങ്കൾ ഉണ്ടാക്കിയ ആ പ്രകീർത്തന കാവ്യം നൽകുമോ എന്നിവിശ്യപ്പെട്ടു. ഏതു കവിതയാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ , ആദ്യഭാഗം ചൊല്ലിക്കൊടുത്ത് രോഗ വേളയിൽ ഉണ്ടാക്കിയ ഈ കാവ്യമാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന് ബുസ്വൂരി (റ) അതു നൽകുകയും അതു പ്രിസിദ്ധി നേടുകയും ചെയ്തു. ബുർദ്ദ, ബുർഉദ്ദാഅ തുടങ്ങിയ വിവിധ നാമങ്ങളിൽ ഇത് പ്രസിദ്ധമാണ്. അനുരാഗം, ദേഹേച്ഛയെ സംബന്ധിച്ച മുന്നറിയിപ്പ്, നബി (സ്വ)യുടെ പ്രകീർത്തനം, ജന്മം, അമാനുഷികത, ഖുർആൻ മഹത്വം, ഇസ്രാഅ് മിഅ്റാജ്, ധർമ്മസമരങ്ങൾ, തിരു നബി (സ)യെ തവസ്സുൽ ചെയ്ത് പ്രാർത്ഥിക്കൽ, അഭിമുഖഭാഷണം തുടങ്ങി പത്തോളം ഭാഗങ്ങളിൽ 160 കവിതകളാണ് ബുർദ്ദയിലുള്ളത്. ഓരോ വരിയിലും അറബി സാഹിത്യത്തിലെ വിവിധ ഭാഗങ്ങളുടെ സമുന്നതമായ ശൈലികളിൽ കോറിയിട്ട പ്രകീർത്തനങ്ങൾ ഹൃദ്യവും ആസ്വാദ്യകരവുമാണ്. ഇതുകൊണ്ട് തന്നെ നിരവധി പ്രസിദ്ധരുടെ വ്യാഖ്യാനങ്ങൾ ഈ കവിതാസമാഹാരത്തിന് വിരചിതമായിട്ടുണ്ട്. അഹമ്മദ് ശൗഖിയെ പോലെ നിരവധി കവികൾ അനുരാഗ കാവ്യങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും അവർ തന്നെ പരാജയം സമ്മതിച്ചുവെന്നാണ് അഹ്മദ് സകീ പാഷ രേഖപ്പെടുത്തിയത്. ഖസ്വീദത്തുൽ ബുർദ്ദ ബുസ്വൂരി (റ) രചിക്കുന്നത് രോഗശമനത്തിനു വേണ്ടി ആയിരുന്നെങ്കിലും ആ പവിത്രത കാലക്രമേണ സമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുകയും നൂറ്റാണ്ടുകളായി ഓരോ കാലഘട്ടത്തിലുള്ളവരൊക്കെ ഇന്നും ചില പല കാര്യങ്ങൾക്കായി പ്രത്യേകിച്ച് രോഗശമനത്തിനു വേണ്ടി ബുർദ്ദ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിൽ ഹബീബ് (സ്വ)യോട് പ്രേമവും അനുരാഗവും ഇശ്ഖും നിറച്ച് കരുണാമൃതമായിയി വർഷിച്ച പ്രേമഭാജനത്തെ മനസ്സിൽ ധ്യാനിച്ച് മനസ്സും ഗാത്രവും രോഗമുക്തമാകുന്നതിൽ സന്ദേഹമില്ല. സത്യവിശ്വാസികൾക്ക് മരുന്നും കരുണയുമായി അവതരിച്ച ഖുർആൻ പോലും ഇറങ്ങിയത് തിരുമേനി (സ്വ)ക്ക് വേണ്ടിയാണ്. അല്ലാഹു അവിടുത്തെ മന്ത്രം, സ്പർശനം, തിരുനോട്ടം, ഉമിനീർ , ശരീരത്തിൽനിന്ന് എടുക്കപ്പെടുന്നതെല്ലാം മരുന്നാണ്. ആ മരുന്നാണ്‌ നാം സേവിക്കേണ്ടത്. ഖൽബിൽ നിറച്ച് വെക്കേണ്ടത്. ഖസ്വീദത്തുൽ ബുർദ്ദ അതിനുള്ള ഏറ്റവും നല്ല മാർഗമാണ്. വിശ്വാസികളുടെ നാവിൻതുമ്പിൽ ബുർദയിലെ വരികളും അതിൻ്റെ ജവാബും അനർഘമായി ഒഴുകുന്നത് ഇതിൻ്റെ സ്വീകര്യതയുടെ നേർസാക്ഷ്യവും അനുരാഗം അനുഭവമാകുന്നതിൻ്റെ ലക്ഷണവുമാണ്. മലയാളം, ഇംഗ്ലീഷ്, പേർഷ്യൻ, തുർക്കി, യൂറോപ്യൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ബർബർ തുടങ്ങിയ പല ഭാഷകളിലെല്ലാം ബുർദ്ദയുടെ വ്യാഖ്യാനങ്ങളിറങ്ങിയിട്ടുണ്ട്.
മൻഖൂസ് മൗലൂദ്
തിരു നബി (സ്വ) യുടെ ജന്മവുമായി ബന്ധപ്പെട്ട അത്ഭുത സംഭവങ്ങളും മഹത്വങ്ങളും ചരിത്രവും മറ്റും പദ്യമായും ഗദ്യമായും കോർത്തിണക്കുന്നതാണ് മൗലൂദ്. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ വ്യത്യസ്ത രീതിയിലുള്ള മൗലൂദുകൾ വിശ്വോത്തര പണ്ഡിതർ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഏറെ പ്രചുരപ്രചാരം നേടിയ മൗലിദുകളിൽ ഒന്നാണ് മൻഖൂസ് മൗലൂദ്.ഇമാം ഗസ്സ്വാലി (റ)യുടെ സുപ്രസിദ്ധ ‘സുബ്ഹാന മൗലിദ് ‘ ചുരുക്കി ഉണ്ടാക്കിയ മൗലൂദ് ആയതിനാൽ ചുരുക്കപ്പെട്ടത് എന്ന അർത്ഥമുള്ള മൻഖൂസ് എന്ന പേരിൽ തന്നെയാണ് ഈ മൗലിദ് അറിയപ്പെടുന്നത്. പൊന്നാനിയിലും പരിസരങ്ങളിലും കോളറ ബാധിക്കുകയും ദിനംപ്രതി നിരവധി പേർ മരിച്ചൊടുങ്ങുകയും ചെയ്യുന്ന ഭീതിതവും പ്രയാസകരവുമായ സാഹചര്യം ഉടലെടുത്ത പ്പോഴാണ് അന്നത്തെ ജനങ്ങൾ ശൈഖ് മഖ്ദൂം (ഒന്നാമൻ) അബു യഹ് യ സൈനുദ്ദീൻ ബ്നു അലിയ്യിബ്നു അഹ്മദിൽ മഅബരി (റ)നെ സമീപിച്ച് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നത്. അന്നേരം ഈ മൗലീദ് ക്രോഡീകരിക്കുകയും വീടുകളിൽ പതിവാക്കാനം ഒഴിവാക്കാനും സദ്യ കഴിക്കാനും അവർ നിർദ്ദേശിക്കുകയുണ്ടായി.ആ പുണ്യകർമ്മത്തിലൂടെ നാട്ടിൽ പടർന്നു പിടിച്ച സാംക്രമികരോഗങ്ങൾ ഉഛാടനം ചെയ്യപ്പെടുകയും ജനജീവിതം പൂർവസ്ഥിതി പ്രാപിക്കുകയുമുണ്ടായി. ഇമാം ബുസ്വൂരിയുടെ ബുർദ്ദ രചനാ പശ്ചാത്തലം സ്വന്തം രോഗശമനമായിരുന്നെങ്കിൽ ,ശൈഖ് മഖ്ദൂം (റ) മൻഖൂസ് മൗലൂദ് രചിക്കുന്നത് ഒരു സാമൂഹിക വിപത്ത് പ്രതിരോധിക്കുന്നതിനായിരുന്നു. ബുർദയിൽ പ്രവാചക പ്രകീർത്തനങ്ങൾ കവിതകളായി മാത്രം വിഴുഞ്ഞോഴി കിയപ്പോൾ, ഗദ്യമായും പദ്യമായും പ്രകീർത്തനങ്ങൾ കോർത്തിണക്കിയാണ് മൻഖൂസ് മൗലൂദ് വിരചിതമായത്. അഞ്ച് ഹദീസും അഞ്ച് പദ്യവും പ്രാർത്ഥനയും അടങ്ങിയതാണ് മൻഖൂസ് മൗലൂദ്. ഒന്നാമത്തെ ഹദീസിൽ റബീഉൽ അവ്വലിൽ സന്മാർഗദർശകരായ തിരുചന്ദ്ര ശോഭയെ ഉദിപ്പിച്ച നാഥനിൽ സ്തുതിച്ചു തുടങ്ങി മുൻകാല പ്രാവചകർ തിരുദൂതരെ കൊണ്ട് സഹായം തേടിയത് സൂചിപ്പിച്ച് ആ തിരുവെളി ആമിനാ ബീവി (റ) യുടെ ഗർഭത്തിലേക്ക് എത്തുന്ന ക്രമം വിശദീകരിക്കുകയാണ്. ഹബീബ് (സ്വ)യെ വർണിക്കുന്ന സൂറത്തു തൗബയിലെ അവസാന ആയത്തും അതിലുൾകൊണ്ടിട്ടുണ്ട്. രണ്ടാമത്തെ ഹദീസിൽ നബി (സ്വ) യുടെ ഗർഭകാലവും റജബ് മുതൽ റബീഉൽ അവ്വൽ വരെയുള്ള ഓരോ മാസങ്ങളിലുമുണ്ടായ അത്ഭുതങ്ങളും ആകാശഭൂമി ലോകത്തെ സൃഷ്ടികൾക്ക് സംഭവിച്ച അനുഭവ മാറ്റങ്ങളും ആമിനാബീവിയുടെ അവസ്ഥകളും അവരെ സ്വാന്തനിപ്പിക്കാൻ വന്ന പ്രവാചകരെയും മറ്റും പരാമർശിക്കുന്നുണ്ട്. മൂന്നാമത്തെ ഹദീസിൽ ആ തിരുഗാത്രം ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ട അനുഗ്രഹീതമായ നിമിഷത്തെക്കുറിച്ച് അന്നേരം ആമിനാ ബീവി കണ്ട അത്ഭുത കാഴ്ചകളും പ്രസവാനന്തരം ഖത്മുന്നുബുവ്വത്തിൻ്റെ മുദ്രണം നടത്താൻ മലക്കുകൾ ഏടുത്തതും പേർഷ്യയിലെ അഗ്‌നി ഒടുങ്ങിയതും സാവാ തടാകം വറ്റിയതും മറ്റു അത്ഭുതങ്ങളും പരാമർശിക്കുന്നു. നാലാമത്തെ ഹദീസിൽ പ്രസവിച്ച ഏഴാം ദിനം അബ്ദുൽ മുത്തലിബ് അഖീഖ അറുത്തതും ഖുറൈശികളെ വിളിച്ച് സദ്യ നൽകിയതും ആകാശഭൂമിയിലുള്ളവർ മുഴുവനും തൻ്റെ മകനെ സ്തുതിക്കുവാനാണ്‌ മുഹമ്മദ് എന്ന് നാമകരണം നടത്തിയതെന്ന അദ്ദേഹത്തിൻ്റെ പരാമർശവും അതിലുണ്ട്. അവസാന ഹ അലിയ്യുബ്നു സൈദ് എന്നവരുടെ അയൽവാസിയായ ദിമ്മിയ്യും അദ്ദേഹവും തമ്മിലുള്ള സംഭവം വിശദമായി പരാമർശിക്കുന്നത്. നബി(സ്വ) യുടെ ജന്മത്തിൽ സന്തോഷിച്ച് പാവപ്പെട്ടവരെ വിളിച്ച് സദ്യ നൽകിയതിൻ്റെ പേരിൽ അദ്ദേഹത്തെ പരിഹസിച്ച അയൽവാസി പിന്നീട് തിരു നബി (സ്വ ) യെ സ്വപ്നത്തിൽ ദർശിക്കുന്നതും കുടുംബസമേതം ഇസ്ലാം സ്വീകരിച്ച്‌ ഓരോരോ ദിവസങ്ങളിൽ ഓരോരുത്തരും മരിക്കുന്നതും സ്വർഗ്ഗ കൊട്ടാരം ഉടമ പെടുത്തുന്നതും ഇതിൽ പരാമർഗിക്കുന്നത്. ഇടയിൽ വരുന്ന പദ്യങ്ങളിൽ തിരുനബി(സ്വ) യുടെ വർണ്ണനകളും നബിയോട് ഇസ്തിഗാസ നടത്തുന്നതും ശഫാഅത്ത് ചോദിക്കുന്നതും പ്രസവ നേരത്തെ സാഹചര്യങ്ങളും മറ്റുമെല്ലാം സുന്ദരമായ സാഹിതീയ ശൈലിയിൽ മനോഹരമായി വർണിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് സർവ്വ വിപത്തുകളിൽ നിന്ന് പൂർണ്ണ മുക്തി വേണ്ടിയും പാപമോചനവും മറ്റുകാര്യങ്ങളും ഉണർത്തി ഹ്രസ്വമായ പ്രാർത്ഥനയുമാണ് ഇതിലുള്ളത്. മൻഖൂസ് മൗലിദിലെ ഓരോ വരികളും ഹബീബ് (സ്വ) യോടുള്ള ഇശ്ഖ് നിറഞ്ഞൊഴുകുന്നത് കാണാം. പൂർണ്ണചന്ദ്രനെക്കാൾ ശോഭയെക്കാൾ അങ്ങ് ഞങ്ങൾക്കിടയിൽ ഉദയംചെയ്യുന്നു. അങ്ങാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും. ഞങ്ങളുടെ ഉമ്മ ഉപ്പ മാരിൽ അങ്ങയോളം നന്മകൾ ഞങ്ങൾ കണ്ടിട്ടേയില്ല. പാപക്കറ കളുമായി വരുന്ന ഞാൻ അങ്ങയോടാണ് സങ്കടം ഉണർത്തുന്നത്, തിരുദൂതരെ, അങ്ങ് ഞങ്ങൾക്ക് നാളെ ഖിയാമത്ത് നാളിൽ ശഫാഅത്ത് നൽകണേ. സാമൂഹിക വിപത്തുകൾ നീങ്ങാനും ക്ഷേമായ്ശ്വര്യത്തിനും ഈ മൗലിദ് നിശ്ചിത ദിവസങ്ങളിൽ പതിവാക്കാൻ മഹാന്മാർ നിർദ്ദേശിക്കാറുണ്ട്. കേരളത്തിലെ ബഹു ഭൂരിപക്ഷം മുസ്ലിമിങ്ങളും അവരുടെ എതൊരു നന്മയുള്ള കാര്യത്തിൻ്റെ തുടക്കത്തിലും മറ്റുമായി മൻഖൂസ് മൗലിദ് ഓതുന്ന പതിവ് സർവവ്യാപകമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here