മുജ്തബ സി.ടി


ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്.
ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി ഖുർആൻ സൂക്തങ്ങളിലൂടെ അല്ലാഹു സത്യവിശ്വാസികളോട് പശ്ചാത്താപത്തിന് കൽപ്പിക്കുന്നുണ്ട്. പാപം ചെയ്യുന്നവരെ പാടെ നാഥൻ കയ്യൊഴിയുന്നില്ല. തെറ്റു സംഭവിച്ചവരിൽ നിന്നുള്ള പശ്ചാത്താപം അവനിഷ്ടമാണ്. പശ്ചാത്തപിക്കുന്നവർക്ക് പാപമോചനം നൽകുന്നതോടൊപ്പം ഈലോകത്ത് തന്നെ ക്ഷേമാഭിവൃതികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുമെന്നും ഖുർആൻ പറയുന്നത് കാണാം.
ഖുർആനിലൂടെ അല്ലാഹു പറഞ്ഞു “സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകനിങ്ങൾ വിജയം വരിക്കുവാൻ വേണ്ടി,നിങ്ങൾ നാഥനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക, സത്യവിശ്വാസികളെ..നിങ്ങൾ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുക.”
പശ്ചാത്താപത്തിന് മഹാന്മാർ ചില നിബന്ധനകൾ രേഖപ്പെടുത്തുന്നുണ്ട്. ഇമാം നവവി (റ )പറയുന്നു:സകല ദോഷങ്ങളിൽ നിന്നും പശ്ചാത്തപിക്കൽ നിർബന്ധമാണ്. മനുഷ്യരുമായി യാതൊരു ബന്ധമില്ലാത്തതും അള്ളാഹുവിനും വ്യക്തികൾക്കുമിയിലുള്ളതാണെങ്കിൽ അതിന് മൂന്ന് നിബന്ധനകളുണ്ട്. പാപത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുക,ചെയ്ത തെറ്റിന്റെ പേരിൽ ഖേദിക്കുക,ഇനി തെറ്റ് ആവർത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക എന്നിവയാണവ. എന്നാൽ ദോഷം വ്യക്തികളുമായി ബന്ധപ്പെട്ടതാണെങ്കിൽ മേൽപറയപ്പെട്ട നിബന്ധനകളോടൊപ്പം ആ വ്യക്തിയോടുള്ള കടപ്പാടിൽ നിന്നും മുക്തമാകും വേണം. ഈ നിബന്ധനകളിൽ നിന്ന് ഏതെങ്കിലും ഒന്ന് വിട്ടു പോയാൽ പശ്ചാത്താപം സ്വീകാര്യമല്ലെന്നാണ് പണ്ഡിത വീക്ഷണം.
പാപമുക്തമായ ജീവിതം നയിച്ച നബി(സ്വ)തങ്ങൾ ദിവസവും പശ്ചാത്തപിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. വിശ്വാസികൾക്ക് പാഠം ഉൾക്കൊള്ളാനായിരുന്നു ഇത്. തിരുനബി ഒരിക്കൽ പറഞ്ഞു: ‘മനുഷ്യരെ നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക, നിശ്ചയമായും ഞാൻ ദിവസവും നൂറു പ്രാവശ്യം അല്ലാഹുവിനോട് പശ്ചാത്താപം തേടുന്നുണ്ട്”.
സാധാരണക്കാരുടെ പശ്ചാത്താപങ്ങളിൽ നിന്നും വ്യത്യസ്തമാണ് സൂഫികളുടെ പശ്ചാത്താപം.മഹാനായ സൂഫിവര്യൻ ദുന്നുനുൽ മിസ്‌രി(റ)യോട് തൗബയെക്കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു:’സാധാരണക്കാരുടെ തൗബ ദോഷങ്ങളിൽ നിന്നായിരിക്കും. എന്നാൽ പ്രത്യേകക്കാരുടെ പശ്ചാത്താപം അല്ലാഹുവിനെക്കുറിച്ച് വന്നുഭവിക്കുന്ന അശ്രദ്ധയെക്കുറിച്ചായിരിക്കും. ‘ അവരുടെ പശ്ചാത്താപം പാപങ്ങളിൽ നിന്നായിരിക്കില്ല,അത് സാധാരണക്കാരിൽ നിന്നുണ്ടാകുന്ന തൗബയാണ്.മറിച്ച്, തന്റെ ഹൃദയത്തെ അള്ളാഹുവിനെ വിട്ട് ജോലിയാകുന്ന കാര്യങ്ങളിൽ നിന്നായിരിക്കും അവരുടെ തൗബ. സാധാരണക്കാർ ചെറു ദോഷങ്ങളിൽ നിന്നും വൻദോഷങ്ങളിൽ നിന്നും പശ്ചാത്തപിക്കുമ്പോൾ സൂഫികൾ ലഘുവീഴ്ചകളിൽ നിന്നും അശ്രദ്ധകളിൽ നിന്നുപോലും പശ്ചാത്തപിച്ചു മടങ്ങുന്നു. അവർ തന്റെ മനസ്സിന്റെ സ്ഥിതിഗതികൾ നോക്കി അതിനെ സംസ്കരിക്കുകയും തന്റെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും സ്വയം നോക്കി അവ നന്നാക്കുകയും ചെയ്യും.
തിന്മയിലേക്ക് വഴിനടത്തുന്ന ദുഷിച്ച കൂട്ടുകെട്ടുകളിൽ നിന്ന് അകന്നു നിൽക്കലും നന്മയുടെ മാർഗത്തിലുള്ള സഞ്ചാരം എളുപ്പമാക്കുന്ന സജ്ജനങ്ങളും സത്യസന്ധരുമാവരോട് കൂട്ടുകൂടലും തൗബയുടെ ഭാഗമാണ്.തിന്മയിൽ നിന്നും പശ്ചാത്തപിച്ചതിനുശേഷം നന്മകൾ വർദ്ധിപ്പിക്കണം.ദോഷം പ്രവർത്തിച്ചാൽ അതിന്റെ പിറകിലായി സൽകർമ്മങ്ങൾ അനുഷ്ഠിക്കുക എന്നത് ആ ദോഷത്തെ മായ്ച്ചുകളയും എന്ന തിരുവചനം അതിലേക്ക് സൂചന നൽകുന്നുണ്ട്.ശൈഖ് അഹമ്മദ് സർറൂഖ്(റ)പറയുന്നു,’ഒരവകാശവാദം ഉന്നയിക്കുന്നയാളുടെ പാത പരിഗണിക്കപ്പെടുന്നത് അവന്റെ ഫലപ്രാപ്തി അനുസരിച്ചാണ്, അവകാശവാദം പ്രകടമായി കണ്ടാൽ അത് ശരി തന്നെയാണെന്ന് മനസ്സിലാക്കാം,മറിച്ചാണെങ്കിൽ അയാൾ വ്യാജനാണെന്നും വരും. അപ്പോൾ ഒരാൾ പശ്ചാത്തപിച്ചു മടങ്ങിയതിനുശേഷം അയാളിൽ തഖവ ഉണ്ടായില്ലെങ്കിൽ അത് നിരർത്ഥകമാകും.
തൗബ സ്വീകരിക്കുന്നതിനെകുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട് “നിശ്ചയം അല്ലാഹു തൗബ സ്വീകരിക്കുന്നത് വിവരമില്ലായ്മ കാരണം തെറ്റ് ചെയ്യുകയും പിന്നീട് അധികം വൈകാതെ പശ്ചാത്തപിക്കുകയും ചെയ്തവരുടേത് മാത്രമാകുന്നു, അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാകുന്നു.തെറ്റുകൾ പ്രവർത്തിക്കുകയും എന്നിട്ട് മരണമാസന്നമാകുമ്പോൾ ഞാനിതാ പശ്ചാത്തപിക്കുന്നുവെന്ന് പറയുന്നവർക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മൃതിയടയുന്നവർക്കുമുള്ളതല്ല. അത്തരക്കാർക്ക് വേദനയുള്ള ശിക്ഷയാണ് നാം ഒരുക്കിവച്ചിരിക്കുന്നത്.(സൂറത്തുനിസാഅ 17,18)
ചുരുക്കത്തിൽ, ക്ഷണികമായ ഈ ഭൗതിക ലോകത്ത് നിന്നും സംഭവിച്ച ദുഷ്പ്രവത്തികളിൽ ഖേദിച്ച് നാഥനോട് പശ്ചാതപിച്ച് കളങ്കരഹിതമായ വഴിയിൽ ശിഷ്ടജീവിതം മുന്നോട്ടുകൊണ്ട് പോവാനായിരിക്കണം സത്യവിശ്വാസി ശ്രമിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here