മുജ്തബ സി.ടി കുമരംപുത്തൂർ
കോളനിവൽക്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ജാലിയൻ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരൽത്തുമ്പിൽ നിർത്തിയ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ടവീര്യം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ഉമർ മുക്താർ. 20 വർഷത്തിനുള്ളിൽ ഇറ്റലിക്കെതിരെ ഉമർ മുഖ്താറിന്റെ നേതൃത്വത്തിൽ സൈന്യം നടത്തിയത് 74 വൻ പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറൽ മുസോളിനിക്ക് ലിബിയയിലെ ജനറൽമാരെ മാറ്റേണ്ടി വന്നത് 5 തവണയാണ്.ലിബിയയിൽ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം സമരം നയിച്ച ധീര സേനാനിയായിരുന്നു ഉമർ മുഖ്താർ.
ലിബിയയിലെ കിഴക്കൻ ബർഖയുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പ്രായത്തിൽ കവിഞ്ഞ പക്വതയും അസാധാരണ പഠന മികവും ഉണ്ടായിരുന്ന അദ്ദേഹം ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് എന്നീ മേഖലകളിൽ പ്രാവീണ്യം നേടാനായി ജഹ്ബൂബിലെ സനൂസി ദർഗ ദർസിൽ ഉപരിപഠനത്തിനായി ചേരുകയും എട്ടു വർഷം നീണ്ടുനിന്ന പഠനം പൂർത്തിയാക്കി സനൂസി ത്വരീഖത് സ്വീകരിച്ച് ആദ്ധ്യാത്മിക മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു.
ഉമർ മുഖ്താർ ഇന്റെ ചെറുതെങ്കിലും ശക്തരായ പടയാളികൾ ഇറ്റാലിയൻ സൈന്യത്തിനെതിരെ ആവർത്തിച്ചാവർത്തിച്ച് ആക്രമണം നടത്തി. ഇറ്റാലിയൻ പടയെ ആക്രമിക്കുക മാത്രമല്ല, തന്ത്രപരമായി അവരുടെ വാർത്താവിനിമയ സംവിധാനം, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തിന്റെ പ്രതീകങ്ങളാണ്.
സനൂസി സൂഫി ധാരയാണ് ഉമർ മുക്താറിനെ നീതിയുടെ കരുത്തനായ പോരാളിയാക്കി മാറ്റിയത്. അൾജീരിയ, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിൽ വേരുകളുള്ള ഒരു സൂഫി ധാരയാണ് സനൂസി.(sanussi السنوسي ).ഈ ത്വരീഖത്തിന്റെ സ്ഥാപകനായ അൾജീരിയൻ വംശജനായ ഇബ്നു അലി അസ്സനൂസി ഹിജാസിൽ മൗലികവാദികൾ പിടിമുറുക്കിയ സമയത്ത് മത ഭ്രംശം ആരോപിക്കുകയും ആശ്രമങ്ങളും ശവകുടീരങ്ങളും ആക്രമിക്കുകയും വധിക്കുകയോ നാടുകടത്തുകയും ചെയ്തതിനെ തുടർന്ന് ലിബിയയിലേക്ക് പാലായനം ചെയ്തവരാണ്. പിന്നീട് ലിബിയ കേന്ദ്രീകരിച്ചായിരുന്നു ഈ സൂഫി ധാര വളർന്നുവന്നത്. അൾജീരിയ, ഈജിപ്ത് എന്നിവിടങ്ങളിലും സൂഫി ത്വരീഖത്തിന് ശക്തമായ സ്വാധീനമുണ്ട്.പല ലിബിയൻ രാജാക്കന്മാരും സനൂസി സൂഫികളാണ്. സൂഫിപോരാളികൾ എന്ന നിലയിൽ കൂടി അറിയപ്പെടുന്ന സനൂസികൾ ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ പക്ഷം ചേർന്ന് യുദ്ധത്തിൽ പങ്കെടുക്കുകയും ഈജിപ്തിൽ ബ്രിട്ടീഷ് രാജിനെതിരെയും അൾജീരിയയിൽ ഫ്രഞ്ച് പട്ടാളത്തിനെതിരെയും അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു. ഇക്കാലയളവിൽ ഖുർആൻ അധ്യാപകനായും ഇമാമായും സേവനമനുഷ്ഠിച്ച ഉമർ മുഖ്താർ സനൂസി സൂഫി പാതയിലും പ്രസിദ്ധനായി മാറി.
1924 ഇറ്റാലിയൻ ഗവർണറായ ഏർനെസ്‌റ്റോ ബോംബെല്ലി ഇറ്റലിക്കാരെയും തങ്ങൾക്ക് അനുകൂലമുള്ള നാട്ടുകാരെയും ചേർത്ത് കൗണ്ടർ ഗറില്ല ഫോഴ്സ് നെയുണ്ടാക്കി ഉമറിനെ നേരിടാനൊരുങ്ങി. തന്റെ നില പരുങ്ങലിലാണെന്ന് മനസ്സിലാക്കിയ ഉമർ അയൽരാജ്യമായ ഈജിപ്തിന്റെ സഹായസഹകരണങ്ങൾ നേടിയെടുക്കുകയും കാലാവസ്ഥാ പ്രത്യേകതകളും ഭൂമിശാസ്ത്രവും മനസ്സിലാക്കി അദ്ദേഹം വീട്ടിലേക്ക് ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. ഇറ്റാലിയൻ ജനറലായിരുന്ന Teruzzi രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്, “He is a man of exceptional perseverance and strong will power “. ഉമർ മുക്താറിനോട് ഒരിക്കൽ തന്നെ അനുയായികൾ ഒരു ചോദ്യം ചെയ്യുകയുണ്ടായി; “ഇറ്റലിക്കാരുടെ പക്കൽ ഒരുപാട് വിമാനങ്ങളും മറ്റും ഉണ്ടല്ലോ… നിങ്ങൾക്ക് അതൊന്നുമില്ലല്ലോ..” ഉമർ മുഖ്താർ തിരിച്ചുചോദിച്ചു; “വിമാനങ്ങൾ അല്ലാഹുവിന്റെ അർഷിന് മുകളിലൂടെയാണോ പറക്കാറ് അതോ താഴെയോ..”? അവർ പറഞ്ഞു ; “അർഷിന് താഴെയാണ്”. ഉമർ മുഖ്താർ മറുപടി പറഞ്ഞു; “അർഷിന് മുകളിലുള്ള ആൾ നമ്മുടെ കൂടെയുള്ളപ്പോൾ താഴെയുള്ള ആരെയും നമ്മൾ ഭയപ്പെടാനില്ല”.
1929 ഇറ്റാലിയൻ ഗവർണറായിരുന്ന പീട്രോ ബാഡോഗ്ലിയോ ഉമറുമായി സന്ധി സംഭാഷണത്തിൽ ഏർപ്പെടുകയും ഇരുകൂട്ടരും സന്ധിയിൽ ഒപ്പുവെക്കുകയും ചെയ്തു. പക്ഷേ ഉമർ നിരുപാധികം കീഴടങ്ങിയെന്ന് ഇറ്റലിക്കാർ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ കുപിതനായ ഉമർ സന്ധി അവസാനിച്ചതായി പ്രഖ്യാപിച്ച് ഒളി ആക്രമണങ്ങൾ ശക്തിപ്പെടുത്തി. 1931 സെപ്റ്റംബർ 11 ന് സ്ലോന്റ ക്കടുത്ത് വെച്ച് മിന്നൽ ആക്രമണത്തിലൂടെ ഉമറിനെ ഇറ്റലിക്കാർ പിടികൂടി. അങ്ങനെ തടവുകാരനായ ഉമർ ഫാസിസ്റ്റുകളുടെ വധശിക്ഷ സോലാക് കോൺസെൻട്രേഷൻ ക്യാമ്പിൽ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന തന്റെ ജനങ്ങളുടെ മുന്നിൽ അദ്ദേഹം ഏറ്റുവാങ്ങി. 1931 സെപ്റ്റംബർ 16 നാണ് ആ മഹാൻ തൂക്കിലേറ്റപ്പെട്ടത്. പിന്നീട് 1943 ഇറ്റലിയിൽ നിന്ന് ലിബിയ സ്വാതന്ത്ര്യം നേടിയതോടെ ഉമർ മുക്താർ രാജ്യത്തിന്റെ ധീര പുത്രനായി അംഗീകരിക്കപ്പെട്ടു.
” ഇന്ന് നിങ്ങൾ എന്നെ കൊല്ലും, എന്നിട്ട് നിങ്ങൾ ഒരുപാട് കാലം ജീവിക്കും, അതിനുശേഷം നിങ്ങൾ മരിക്കും, അപ്പോഴും ഉമർ ഇവിടെ ജീവിച്ചിരിപ്പുണ്ടാകും”. കഴുമരത്തിൽനിന്നും ആരാച്ചാറോട് ഉമർ മുഖ്‌താർ പറഞ്ഞ വാക്കുകളാണിത്.അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ലോകത്തുള്ള എല്ലാ മർദ്ദിതർക്കും കീഴടക്കപ്പെട്ടവർക്കും മർദ്ദകർ ക്കെതിരെ ആർജ്ജവത്തോടെ പോരാടാനുളള ശക്തി പകരുന്നതാണ്.
ഇസ്‌ലാമിക വിശ്വാസങ്ങളുടെ കണിശതയും ആധ്യാത്മിക സരണിയിലെ ഔന്നിത്യവുമായിരുന്നു ഉമർ മുക്താർ എന്ന ധീരപോരാളിയുടെ ആന്തരിക ശക്തിയായി വർത്തിച്ചത്.














